ജാമ്യംതേടി ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Posted on: September 13, 2017 9:13 am | Last updated: September 13, 2017 at 10:41 am

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ തടവുകാരനായി കഴിയുന്ന ദിലീപ് തന്റെ ജയില്‍വാസം 64 ദിവസം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് ജാമ്യം തേടി കോടതിക്ക് മുന്നിലെത്തുന്നത്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യ ഹരജി തള്ളിയിരുന്നു. അതേസമയം നേരത്തെ ദിലീപ് നല്‍കിയ രണ്ട് ജാമ്യഹരജികളും തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് തന്നെയാണ് ഇത്തവണയും ജാമ്യഹരജി പരിഗണിക്കുകയെന്നത് ശ്രദ്ധേയമാണ്.

അതേസമയം കേസ് അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ജാമ്യാപേക്ഷയില്‍ പ്രധാനമായും ദിലീപ് ഉന്നയിക്കുന്നത്. നേരത്തെ കോടതി നിര്‍ദേശപ്രകാരം ഉപാധികള്‍ പൂര്‍ണമായും പാലിച്ച് പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെ, ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബര്‍ 16 നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുന്നതിനുള്ള കാലപരിധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയോ ഇന്നത്തെ ഹരജി തള്ളുകയോ ചെയ്താല്‍ പിന്നീട് ദിലീപിന് തടവില്‍ കിടന്ന് വിചാരണ നേരിടേണ്ട അവസ്ഥ വന്നേക്കുമെന്നതിനാല്‍ ഇന്നത്തെ ജാമ്യാപേക്ഷ ദിലീപ് നിര്‍ണായകമാകും. ഒപ്പം ജാമ്യഹരജി നല്‍കാന്‍ ദിലീപിന് ലഭിക്കുന്ന അവസാന അവസരവുമാകുമിത്.

എന്നാല്‍ ദിലീപിന്റെ ജാമ്യഹരജിയെ ശക്തിയുക്തം എതര്‍ക്കുന്ന നിലപാട് തന്നെയാകും പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിക്കുക. ഇതിനായി, കോടതി ജാമ്യഹരജി പരിഗണിക്കുമ്പോള്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകാത്ത കാര്യവും, എം എല്‍ എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം ചൂണ്ടിക്കാട്ടി തടസ്സവാദങ്ങള്‍ ഉന്നയിച്ചേക്കും.