പുതുമകളുമായി ഐഫോണ്‍ പത്ത്, എട്ട്, എട്ട് പ്ലസ് വിപണിയില്‍

Posted on: September 13, 2017 7:20 am | Last updated: September 13, 2017 at 11:56 am

കാലിഫോര്‍ണിയ: ടെക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ ഫോണിന്റെ മൂന്ന് പതിപ്പുകള്‍ അവതരിപ്പിച്ചു. ഐഫോണിന്റെ പത്താം വാര്‍ഷികത്തോടനബന്ധിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഐഫോണ്‍ പത്ത്, ഐഫോണ്‍ 8, 8 പ്ലസ് പതിപ്പുകളാണ് വിപണിയില്‍ എത്തിയത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ആപ്പിള്‍ വാച്ച് 3, ആപ്പിള്‍ ടി വി 4 കെ പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. നവംബര്‍ മുതല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഐഫോണ്‍ പത്തിന് 89,000 രൂപയും ഐഫോണ്‍ എട്ടിന് 64000 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

ഏറെ പുതുമകളുള്ളതാണ് ഐഫോണ്‍ പത്ത്. ഹോം ബട്ടണ്‍ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകതകളില്‍ ഒന്ന്. പാസ്‌വേഡായി ഫെയ്‌സ് ഡിറ്റക്ഷനും ഉണ്ട്. വെളിച്ചം ഇല്ലാത്ത സമയങ്ങളില്‍ പോലും മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കാന്‍ ഇതുവഴി സാധിക്കും. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 7 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 64/256 ജിബി സ്‌റ്റോറേജ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. ഫ്‌ളഡ് ഇല്ല്യൂമിനേറ്റര്‍, ഇന്‍ഫ്രാറെഡ് ക്യാമറ തുടങ്ങിയ സെന്‍സറുകളുമുണ്ടാകും.

ഐഫോണ്‍ 8, എട്ട് പ്ലസ് പതിപ്പുകള്‍ നിലവിലെ ഐഫോണിന്റെ തുടര്‍ച്ച തന്നെയാണ്.