Connect with us

National

ബെംഗളൂരുവില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധം

Published

|

Last Updated

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധം. “ഞാന്‍ ഗൗരി” എന്നെഴുതിയ കറുത്ത ബാഡ്ജ് ധരിച്ച് ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നതോടെ ബെംഗളൂരു നഗരം ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിഷേധ കടലായി. ഗൗരി ലങ്കേഷ് നീണാള്‍ വാഴട്ടെ എന്ന് ജനം ആര്‍ത്തുവിളിച്ചു. റാലിയില്‍ ആദ്യാവസാനം ജനരോഷമിരമ്പി.
ഇന്നലെ രാവിലെ ക്രാന്തിവീര സങ്കോളിരായണ്ണ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കാളിദാസ റോഡിലെ സെന്‍ട്രല്‍ കോളജ് മൈതാനിയിലേക്കാണ് റാലി നടന്നത്. റാലിയില്‍ സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മേധാ പട്കര്‍, ജിഗ്നേഷ് മേവാനി, പി സായിനാഥ്, പ്രശാന്ത് ഭൂഷണ്‍, ടീസ്റ്റ സെതല്‍വാദ്, മേഘാ പന്‍സാരെ, സ്വാമി അഗ്നിവേശ്, കവിതാ കൃഷ്ണന്‍ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും പുരോഗമന ചിന്തകരും കലാകാരന്മാരും പങ്കെടുത്തു. ഗൗരി ലങ്കേഷിന്റെ മാതാവ്, സഹോദരി കവിത എന്നിവരും റാലിയില്‍ അണിചേര്‍ന്നു.

“ഗൗരി ലങ്കേഷ് ഞങ്ങളിലൂടെ ജീവിക്കുന്നു” എന്ന മുദ്രാവാക്യമുയര്‍ത്തി ആയിരത്തോളം വിദ്യാര്‍ഥികളും റാലിയില്‍ കണ്ണിചേര്‍ന്നു. സി പി എം, സി ഐ ടി യു, ഡി വൈ എഫ് ഐ, ആം ആദ്മി പാര്‍ട്ടി, വിവിധ ദളിത് സംഘടനകള്‍, വിവിധ സ്ത്രീ സംഘടനകള്‍ റാലിയുടെ ഭാഗമായി. റാലിയെ തുടര്‍ന്ന് നടന്ന കണ്‍വെന്‍ഷനില്‍ എഴുത്തുകാര്‍ക്കും പുരോഗമനവാദികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ആഹ്വാനവുമുണ്ടായി. ഗൗരിയെ നിശ്ശബ്ദയാക്കിയ ശക്തികള്‍ക്ക് ഇവിടെ തടിച്ചുകൂടിയിരിക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്ന് സീതാറാം യെച്ചൂരി റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഗൗരിയുടെ ഘാതകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൗരി കൊല്ലപ്പെട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ സമീപനം അപലപനീയമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഗൗരി ലങ്കേഷിന്റെ വധത്തിന് ശേഷം രൂപവത്കരിച്ച “ദി ഗൗരി ലങ്കേഷ് ഹത്യ വിരോധി ഹൊരട്ട വേദികെ” എന്ന സംഘടനയാണ് റാലിക്കും കണ്‍വെന്‍ഷനും നേതൃത്വം നല്‍കിയത്. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘ്പരിവാര്‍ വിമര്‍ശകര്‍ക്കും എതിരായ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യണമെന്നുമുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. റാലി നടക്കുന്നതിനാല്‍ ബെംഗളൂരുവില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

---- facebook comment plugin here -----

Latest