ഏറെ പുതുമകളോടെ സാംസങ് ഗാലക്‌സി നോട്ട്8 ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: September 12, 2017 8:49 pm | Last updated: September 12, 2017 at 8:49 pm

സാംസങ് ഗാലക്‌സി നോട്ട്8 ഇന്ത്യയില്‍ അവതരിപ്പിച്ചു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി സാംസങ് ബിക്‌സ്ബി ശബ്ദ സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നുണ്ട്. ഗാലക്‌സി നോട്ട്8, ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നീ ഉപകരണങ്ങളില്‍ ഇനി ബിക്‌സ്ബി ലഭ്യമായിരിക്കും. ഒരു കൈയില്‍ പിടിച്ച് ഉപയോഗിക്കാവുന്ന വലിയ ഡിസ്‌പ്ലേയോടു കൂടിയ ഗാലക്‌സി നോട്ട്8ല്‍ വ്യക്തിപരമായ വിനിമയങ്ങള്‍ക്കായി എസ് പെന്നും അവതരിപ്പിച്ചിട്ടുണ്ട്. സാംസങിന്റെ ഏറ്റവും മികച്ച ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോടുകൂടിയ ഡ്യുവല്‍ ക്യാമറ ഏതു സാഹചര്യത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു.

ആയിരക്കണക്കിനാളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയ നോട്ട് പരമ്പരയിലെ ഏറ്റവും പുതിയ ഉപകരണത്തില്‍ മൊബൈല്‍ പേയ്‌മെന്റ് സേവനമായ സാംസങ് പേ, ഡിഫന്‍സ് ഗ്രേഡിലുള്ള സുരക്ഷാ പ്ലാറ്റ്‌ഫോം സാംസങ് നോക്ക്‌സ് എന്നീ പ്രത്യേകതകള്‍ കൂടിചേരുന്നതോടെ വിപണിയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണായി ഇത് മാറും.

വലിയ സ്‌ക്രീനും നൂതനമായ എസ് പെന്നും ബഹുമുഖ പ്രവര്‍ത്തന ക്ഷമതയും ചേര്‍ന്നുള്ള അനന്ത സാധ്യതകള്‍ നിറഞ്ഞ ഗാലക്‌സി നോട്ട് ഇന്ത്യക്കാര്‍ക്കു വളരെ പ്രിയങ്കരമാണെന്നും സാംസങിനെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡാക്കി മാറ്റിയ എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി പറയുന്നെന്നും ഇത്തവണ നോട്ട്8നെ കൂടുതല്‍ മെച്ചപ്പെട്ടതും വലുതുമാക്കി മാറ്റിയിരിക്കുകയാണെന്നും സാംസങ് സൗത്ത്വെസ്റ്റ് ഏഷ്യ പ്രസിഡന്റും സി ഇ ഒയുമായ എച്ച് സി ഹോങ് പറഞ്ഞു.

കൂടുതല്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഗാലക്‌സി നോട്ട്8 എന്നും അതിശയകരമായ ഡിസ്‌പ്ലേയും എസ് പെന്നും ഡ്യുവല്‍ ക്യാമറയും ഇതിന് സഹായിക്കുന്നുമെന്നും ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും അര്‍ത്ഥപൂര്‍ണമാക്കാനും ഞങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കുന്നുവെന്നും ഈ അവതരണത്തോടെ സാംസങ് ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയാണെന്നും സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വാഴ്‌സി പറഞ്ഞു.

2011ലാണ് സാംസങ്, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയൊരു വിഭാഗമായി നോട്ട് അവതരിപ്പിച്ചു തുടങ്ങിയത്. നോട്ടിന്റെ വലിയ സ്‌ക്രീനും എസ് പെന്നും എല്ലാവരെയും ആകര്‍ഷിച്ചു പോന്നു. 87 ശതമാനം ഉപയോക്താക്കളും ഗാലക്‌സി നോട്ടില്‍ സംതൃപ്തരാണെന്ന് മാത്രമല്ല, 82 ശതമാനം പേരും കൂട്ടുകാര്‍ക്ക് ഇത് നിര്‍ദേശിക്കുകയും ചെയ്യുന്നതായി സാംസങ് നടത്തിയ മാര്‍ക്കറ്റ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നോട്ട് ഉപകരണങ്ങളില്‍ ഏറ്റവും വലിയ സ്‌ക്രീനാണ് ഗാലക്‌സി നോട്ട്8ല്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മികച്ച രൂപകല്‍പ്പന കൊണ്ട് അത് ഒരു കൈയില്‍ സുഖമായി ഒതുങ്ങുന്നു. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയാണ്. നോട്ട്8 സ്‌ക്രീനില്‍ കൂടുതല്‍ നീക്കാതെ തന്നെ കൂടുതല്‍ കാഴ്ച ലഭിക്കുന്നു. വായിക്കാനും വരയ്ക്കാനും അതുവഴി ബഹുമുഖ ദൗത്യങ്ങള്‍ സാധ്യമാകുന്നു.

ഒരേസമയം രണ്ട് ആപ്പ് ഉപയോഗിക്കാം, എസ് പെന്‍ ഉപയോഗിച്ച് എഴുത്തിലൂടെയും വരകളിലൂടെയും വിനിമയം നടത്താം, പരിഭാഷകള്‍, വിദേശ കറണ്‍സി നിരക്കുകള്‍, യൂണിറ്റ് മാറ്റങ്ങള്‍ തുടങ്ങിയവ അറിയാം, 12 എംപി ലെന്‍സുകളോടു കൂടിയ രണ്ട് പിന്‍ ക്യാമറകളും ഒരേ സമയം ഉപയോഗിക്കാം, സെല്‍ഫിക്കും വീഡിയോ ചാറ്റിനും ഉപയോഗിക്കാവുന്ന 8എംപി മുന്‍ ക്യാമറ, 6ജിബി റാം, 10എന്‍എം പ്രോസസര്‍, 256 ജിബിവരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിങ്ങനെ പോകുന്നു നോട്ട്8ന്റെ സവിശേഷതകള്‍. സെപ്റ്റംബര്‍ 21 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഗാലക്‌സി നോട്ട്8ന്റെ വില 67900 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, മേപ്പിള്‍ ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. റീട്ടെയില്‍ സ്‌റ്റോറുകളിലും സാംസങ് ഷോപ്പ്, ആമസോണ്‍ എന്നിവയിലൂടെ ഓണ്‍ലൈനായും പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 4000 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്.