മുത്വവ്വഫിന്റെ നിസ്സംഗത; മലയാളി ഹാജിമാരുടെ മദീന യാത്ര അനിശ്ചിതത്വത്തിൽ

Posted on: September 11, 2017 8:45 pm | Last updated: September 13, 2017 at 11:06 pm
SHARE

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കാനെത്തിയ ഹാജിമാരുടെ മദീന യാത്ര അനിശ്ചിതത്വത്തില്‍. ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ എത്തിയ ആദ്യ സംഘമാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. മുത്വവ്വഫിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.ഇതിനെതിരെ ഹാജിമാര്‍ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായിട്ടില്ല.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാര്‍ കഴിഞ്ഞ ഒരു മാസത്തെ മക്ക വാസത്തിനും ഹജ്ജ് നിര്‍വഹണത്തിനും ശേഷം ഇന്ന് മുതല്‍ മദീനയിലേക്ക് പോകേണ്ടതായിരുന്നു. ഇത് സംബന്ധിച്ച് ഒരാഴ്ച മുമ്പ് തന്നെ ഹാജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് പ്രകാരം അസിസിയയില്‍ താമസിക്കുന്ന ആയിരത്തോളം ഹാജിമാര്‍ തങ്ങളുടെ ലഗേജുകള്‍ മുറികളില്‍ നിന്നും ഉച്ചയോടു കൂടി താഴെ എത്തിക്കുകയും മുറി ഒഴിയുകയും ചെയ്തു.എന്നാല്‍ ഉച്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ യാത്രക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാതായതോടെ ഹാജിമാര്‍ ബഹളം വെക്കുകയായിരുന്നു.അപ്പോഴാണ് യാത്ര നാളെ രാവിലെക്കു മാറ്റിയ വിവരം മുത്വവ്വഫിന്റെ പ്രതിനിധികള്‍ അറിയിക്കുന്നത്.

ഇതോടെ ഹാജിമാര്‍ പ്രതിഷേധം കടുപ്പിച്ചെങ്കിലും വഴങ്ങാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.ഹാജിമാര്‍ തങ്ങളുടെ ഭക്ഷണമടക്കമുള്ള മുഴുവന്‍ സാമഗ്രികളും ലഗേജുകളില്‍ പായ്ക്ക് ചെയ്തതിനാല്‍ രാവിലെ വരെ എങ്ങനെ കഴിച്ചു കൂട്ടും എന്നറിയാതെ വിഷമത്തിലായി.തുടര്‍ന്ന് രാവിലെ വരെയുള്ള ഭക്ഷണം ഹാജിമാര്‍ക്ക് നല്‍കും എന്നറിയിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here