Connect with us

International

റോഹിന്‍ഗ്യകളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന

Published

|

Last Updated

ജനീവ : ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. മ്യാന്‍മറില്‍ റോഹിന്‍ഗ്യ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ സെയ്ദ് റാ അദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 36ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 40,000ത്തില്‍ കൂടുതല്‍ രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ 16,000 പേര്‍ക്ക് അഭയാര്‍ഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടുള്ളതാണ്. റോഹിഗ്യകള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ മ്യാന്‍മാറില്‍ നടക്കുന്ന അവസരത്തില്‍ ഇന്ത്യയിലെ റോഹിഗ്യകളെ തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം അപലനീയമാണെന്ന് ഹുസൈന്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ കൂട്ടത്തോളെ അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല ഹുസൈന്‍ ചൂണ്ടിക്കാട്ടി. രോഹിന്‍ഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

പതിറ്റാണ്ടുകളായി മാനുഷികവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ നിരസിക്കപ്പെട്ട ജനതയാണ് രോഹിന്‍ഗ്യകള്‍. എന്നിട്ടും ജീവനോടെ വിടണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി

Latest