റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ശൈഖ് ഖലീഫ് അടിയന്തിര സഹായം പ്രഖ്യാപിച്ചു

Posted on: September 11, 2017 7:28 pm | Last updated: September 11, 2017 at 7:28 pm
SHARE

അബുദാബി: മ്യാന്‍മറിലെ വംശീയാതിക്രമത്തിന് ഇരയായി അഭയാര്‍ഥികളാകേണ്ടിവന്ന റോഹിംഗ്യന്‍ ജനതക്ക് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അടിയന്തിര സഹായം പ്രഖ്യാപിച്ചു.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ റെഡ് ക്രസന്റ് ചെയര്‍മാനും അല്‍ ദഫ്‌റ പ്രവിശ്യയിലെ പ്രസിഡന്റിന്റെ പ്രതിനിധിയുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍, പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തിര സാഹയമെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. യു എ ഇ റെഡ്ക്രസന്റ് വഴിയാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് യു എ ഇ സഹായമെത്തിക്കുക.

ജന്മനാട്ടില്‍ നിന്ന് ജീവരക്ഷാര്‍ത്ഥം നാടുവിട്ടുവന്നവര്‍ അധികവും അഭയാര്‍ഥികളായെത്തുന്നത് ബംഗ്ലാദേശിലാണ്. തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായമെത്തിച്ചുതുടങ്ങിയിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പത്‌നി, അഭയാര്‍ഥികളുടെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാന്‍ കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. യു എ ഇ പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തിര സഹായത്തിന്റെ സ്വഭാവവും സംഖ്യയുടെ അളവും വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here