Connect with us

Kerala

മുരുകന്റെ മരണം: അറസ്റ്റുണ്ടായാല്‍ സമരമെന്ന് ഡോക്ടര്‍മാരുടെ സംഘടന

Published

|

Last Updated

തിരുവനന്തപുരം: അപകടത്തില്‍ പരുക്കേറ്റ് അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. കൊല്ലം മെഡിട്രീന, അസീസിയ, തിരുവനന്തപുരം എസ് യു ടി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെയണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് എസിപി അശോകന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ നാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി കെജിഎംസിടിഎ സര്‍ക്കാറിന് നോട്ടീസ് നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിയെടുക്കുന്നത് ഭാവിയില്‍ ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുമെന്നുമാണ് സംഘടനയുടെ നിലപാട്.

കേസുമായി ഫയലുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി പോലീസിനോട് ഫലയുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്ത സീനിയര്‍ റെസിഡന്റ് ഡോക്ടറും, ഡ്യൂട്ടി ഡോക്ടറുമാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുമാണ് സംഭവദിവസം ചുമതലയിലുണ്ടായിരുന്നത്. ബോധപൂര്‍മല്ലാത്ത നരഹത്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെങ്കിലും തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

മുരുകന്റെ മരണത്തില്‍ വീഴ്ചയുണ്ടായെന്ന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ആയുധമാക്കി ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനമെങ്കിലും ഇത്തരം കേസുകളില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നതിന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വേണമെന്ന സുപ്രീം കോടതി ഉത്തരവാണ് അറസ്റ്റ് നടപടികള്‍ക്ക് പോലീസിന് തടസ്സമാകുന്നത്. എന്നാല്‍ ഇത് മറികടക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വിദഗ്ധ സമിതി റിപ്പോര്‍ട്ടായി പരിഗണിച്ച് നടപടികളിലേക്ക് കടക്കാന്‍ പോലീസിന് നിയമോപദേശം ലഭിച്ചതായാണറിവ്.

രാജ്യത്ത് ആരോഗ്യമേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് നാണക്കേടുണ്ടാക്കിയ മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. രോഗിയുടെ ഏറ്റവും നിര്‍ണായകമായ സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരം തര്‍ക്കിച്ച് തീര്‍ത്തുവെന്നും ഇത് നിത്യ സംഭവമാണെന്നും വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുളള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ മുരുകന് ചികിത്സ നല്‍കാമായിരുന്നുവെന്നും, ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഗസ്ത് ആറിന് രാത്രി ദേശീയ പാതയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആറ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും എല്ലാവരും ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് പുറമെ കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ് യു ടി ആശുപത്രി എന്നിവക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.