യു എസ് ഓപണ്‍ നദാലിന് സ്വന്തം

Posted on: September 11, 2017 9:06 am | Last updated: September 11, 2017 at 10:13 am

ന്യൂയോര്‍ക്ക്: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. യു എസ് ഓപണ്‍ കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലില്‍ സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ കീഴടക്കിയാണ് നദാലിന്റെ കിരീട നേട്ടം. സ്‌കോര്‍: 6-3,6-3,6-4.

താരത്തിന്റെ പതിനാറാം ഗ്രാന്‍സ്ലാം കിരീടവും യു എസ് ഓപണില്‍ മൂന്നാം കിരീടവുമാണിത്. സീസണിലെ രണ്ടാമത്തെ ഗ്ലാന്‍സ്ലാം നേട്ടം. നേരത്തെ, ഫ്രഞ്ച് ഓപണില്‍ കിരീടം നേടുകയും ആസ്‌ത്രേലിയന്‍ ഓപണില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. 19 ഗ്രാന്‍സ്ലാം കിരീടം നേടിയ സ്വിസ് താരം റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുമ്പിലുള്ളത്.

തികഞ്ഞ ആതിപത്യമാണ് നദാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പുലര്‍ത്തിയത്. ആദ്യ സെറ്റില്‍ 23 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സ് വരുത്തിയ ആന്‍ഡേഴ്‌സണ് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. 6-3 സ്‌കോറിനാണ് നദാല്‍ ആദ്യ സെറ്റ് നേടിയത്. നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക്ഹാന്‍ഡുകള്‍ക്ക് മുന്നില്‍ പതറിയ ആന്‍ഡേഴ്‌സണ്‍ 6-3ന് രണ്ടാം സെറ്റിലും കീഴടങ്ങി. മൂന്നാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിന്നുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും നദാലിന്റെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.