Connect with us

Editorial

കണ്ണന്താനത്തിന്റെ മലക്കംമറിച്ചില്‍

Published

|

Last Updated

പുതിയ കേന്ദ്രമന്ത്രിയും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ബീഫ് വിഷയത്തില്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നു തോന്നുന്നു. മന്ത്രി പദവിയിലേറി ഒരാഴ്ചക്കകം മൂന്ന് തവണ അദ്ദേഹം നിലപാട് മാറ്റിപ്പറഞ്ഞു. “ബിഫിന് ബി ജെ പി എതിരല്ല. അത് ഭക്ഷിക്കരുതെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിപദവി ഏറ്റെടുത്ത ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ജനങ്ങളാണ് അവരുടെ ഭക്ഷണരീതി തീരുമാനിക്കേണ്ടത്, സര്‍ക്കാര്‍ അതിലിടപെടില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അവിടെ ബീഫ് വിപണനം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബി ജെ പി ഭരിക്കുന്ന ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്‌നവുമില്ല.- കണ്ണന്താനം വിശദീകരിച്ചു.
മൂന്ന് ദിവസത്തിന് ശേഷം ഭൂവനേശ്വറില്‍ പത്രലേഖകരുമായി സംസാരിക്കവെ ഈ നയത്തില്‍ നിന്ന് മലക്കം മറിഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിരിക്കുകയാണെന്നുമായിരുന്നു ടൂറിസം കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നിര്‍ദേശം. ആദ്യ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചതായിരുന്നത്രെ.

വിനോദസഞ്ചാരികള്‍ പലപ്പോഴായി ആക്രമണത്തിനിരയാകുകയും ബീഫിനെ ചൊല്ലി പശുഗുണ്ടകള്‍ അഴിഞ്ഞാടുകയും ചെയ്യുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതല്ലേ ഈ പ്രസ്താവന?
സ്വത്വം നഷ്ടപ്പെടുത്തില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്താണ് ഐ എ എസ് പരിശീലനം നടത്തിയതെന്നും ഒഴുക്കിനൊത്ത് നീന്താന്‍ താന്‍ പഠിച്ചിട്ടില്ലെന്നും ആത്മകഥയില്‍ കണ്ണന്താനം പറയുന്നുണ്ട്. ഇതിനിടെ കോട്ടയത്ത് നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം ഇങ്ങനെ: “നിങ്ങളുടെ നട്ടെല്ല് എപ്പോഴും നിവര്‍ന്നുതന്നെ നില്‍ക്കണം. ഒരു രാഷ്ട്രീയക്കാരന്റെ മുമ്പിലും അത് വളക്കരുത്”. ബീഫ് വിഷയത്തില്‍ പക്ഷേ കണ്ണന്താനത്തിന്റെ നട്ടെല്ല് സംഘ്പരിവാറിന് മുമ്പില്‍ വളയുകയും സ്വത്വം അവര്‍ക്ക് അടിയറ വെച്ചിരിക്കുകയുമാണ്. ഈ കരണം മറിച്ചില്‍ ചര്‍ച്ചയായപ്പോള്‍ അദ്ദേഹം നയം പിന്നെയും തിരുത്തി. ജനാധിപത്യ രാജ്യത്ത് എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അതാണ് സര്‍ക്കാറിന്റെ നയമെന്നുമാണ് ഇപ്പോഴത്തെ നിലപാട്.

സ്വകാര്യത മൗലിവാകശമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീര്‍പ്പു കല്‍പ്പിക്കുകയും പശുഭീകരരുടെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബീഫ് ഉപയോഗത്തിനെതിരെ കണ്ണന്താനം നടത്തിയ പ്രസ്താവന അനുചിതമായിപ്പോയെന്ന് ബി ജെ പി നേതൃത്വത്തിന് തന്നെ അഭിപ്രായമുണ്ട്. അതാണ് രണ്ടാമതും അദ്ദേഹം തിരുത്തിപ്പറഞ്ഞതെന്നാണ് കരുതുന്നത്. കണ്ണന്താനത്തിന്റെ ഭരണപരമായ കഴിവും യോഗ്യതയും മാത്രം കണക്കിലെടുത്തല്ല അദ്ദേഹത്തിന് മന്ത്രി പദവി നല്‍കിയത്. സവര്‍ണ ക്രൈസ്തവനായ അദ്ദേഹത്തെ ഉപയോഗപ്പെടുത്തി ക്രിസ്തീയ സമൂദായത്തിന് സ്വാധീനമുള്ള മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാമെന്നും അതുവഴി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന ലക്ഷ്യവും കൂടിയുണ്ട് ഇതിന് പിന്നില്‍. ബീഫിനെതിരായ അദ്ദേഹത്തിന്റെ പ്രസ്താവന ഈ ലക്ഷ്യത്തിന് വിഘാതമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളീയ സാഹചര്യത്തില്‍ ബീഫുമായി ബന്ധപ്പെട്ട് വളരെ കരുതലോടെ മാത്രമേ ബി ജെ പി നേതാക്കള്‍ പ്രസ്താവന നടത്താറുള്ളൂ.

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥി എന്‍ പ്രകാശ്, താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് വോട്ടര്‍മാരെ സമീപിച്ചിരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കൊപ്പം സവര്‍ണ, അവര്‍ണ വ്യത്യാസമില്ലാതെ ഹൈന്ദവ സുഹൃത്തുക്കളും ബീഫ് ഉപയോഗിക്കുന്ന നാടാണ് കേരളം. ഇവിടെ ബീഫിനെ എതിര്‍ത്തു സംസാരിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ക്ക് നന്നായറിയാം. സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ പാര്‍ട്ടിയിലും അധികാരത്തിലും തുടക്കക്കാരനായ കണ്ണന്താനത്തിന് ഇക്കാര്യം ഓര്‍ക്കാന്‍ കഴിയാതെ പോയതായിരിക്കണം.
ക്രിസ്ത്യന്‍ സമുദായംഗങ്ങള്‍ക്ക് ബി ജെ പി അധികാരത്തില്‍ വരുന്നതില്‍ ആശങ്കയുണ്ടായിരുന്നുവെന്നത് വെറും പ്രചാരണമാണെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മനഃസാക്ഷിയോട് നീതി പുലര്‍ത്തി ബി ജെ പിയില്‍ തുടരാന്‍ കഴിയില്ലെന്നും നേതൃത്വത്തിന്റെ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ സ്വന്തം മനഃസാക്ഷി നാഗ്പൂരില്‍ അടിയറവ് വെക്കാതെ തരമില്ലെന്നുമാണ് കണ്ണന്താനത്തിന്റെ ബീഫ് പ്രസ്താവനകളില്‍ നിന്ന് പൊതുസമൂഹത്തിന് ഗ്രഹിക്കാനാകുന്നത്.