Connect with us

Ongoing News

ക്ഷീണാശംസകള്‍

Published

|

Last Updated

ഇനിയെന്ത് പറയാനാ, എല്ലാം കഴിഞ്ഞെന്നാ തോന്നുന്നത്?
എന്താ ഇപ്പറയുന്നത്. പുനഃസംഘടന ഇനിയും വരും. വിഷു വരും, വര്‍ഷം വരും അതുപോലെ…
പുനഃസംഘടനയല്ല, സങ്കടമാണ്. ഇനി ഇത്രയധികം ഉണ്ടോ, ഏറിയാല്‍ ഒന്നര വര്‍ഷം. ആ മോദി നമ്മെ തിരിഞ്ഞു നോക്കിയോ?
ഇനിയങ്ങോട്ട് മോദി തന്നെയല്ലേ നാട് ഭരിക്കുക എന്നാണല്ലോ പറയുന്നത്. അതിരിക്കട്ടെ, ഇവിടെ കുറെ ആളുകള് കുപ്പായം തയ്പിച്ച് കാത്തിരുന്നില്ലേ. ഓണ സമ്മാനം കിട്ടുമെന്ന് കരുതി.
നീ പറഞ്ഞത് ശരിയാ. കുമ്മനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, മുരളീധരന്‍… എന്നിട്ടെന്തായി? കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന് പാടിയതു പോലെ..
മനപ്പായസം ഉണ്ടത് മിച്ചം. പുനസംഘടന കഴിഞ്ഞു, ആളുകളൊഴിഞ്ഞു, കുപ്പായം മാത്രം ബാക്കിയായി.
എല്ലാം ആ കണ്ണന്താനം കൊണ്ടു പോയില്ലേ? തന്തിന്നാനം, തനതിന്താനം…ആദ്യം ഐ എ എസ്. പിന്നെ സി പി എം സഹയാത്രികന്‍. ഇപ്പോഴിതാ, സംഘ്പരിവാറുകാരന്‍. കാലത്തിനനുസരിച്ച് കോലം കെട്ടാന്‍ അറിയുന്നവരേ രക്ഷപ്പെടൂ.
പഴയത് പോലെയല്ല, എം പിയാകാന്‍, മന്ത്രിയാകാന്‍ തനി രാഷ്ട്രീയക്കാര് തന്നെ വേണമെന്നില്ല. ഇക്കാലത്ത് ആരും മന്ത്രിയാകും.

എന്തിനധികം പറയുന്നു. കേരളത്തിനൊരു മന്ത്രി എന്നത് മോദി അധികാരമേറ്റപ്പോഴേ കേള്‍ക്കാന്‍ തുടങ്ങിയതാ. ഇപ്പോഴാ കാലം ഒത്തു വന്നത്.
ഡല്‍ഹിയിലുള്ളവര് എത്ര കാലമായി കേരളത്തിലേക്ക് നോക്കാന്‍ തുടങ്ങിയിട്ട്. ഇവിടെ എപ്പോഴും ഗ്രൂപ്പും ഗ്രൂപ്പിലെ ഗ്രൂപ്പുമല്ലേ. ഇതിനുള്ളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ അവര് പെട്ടപാട്…

പിന്നെ മെഡിക്കല്‍ കോഴയായി. പാര്‍ട്ടിക്കാര് തന്നെ പറഞ്ഞു, അഴിമതി നടന്നിട്ടുണ്ടെന്ന്. ഒടുവില്‍ അഴിമതി നടത്തിയവര്‍ അകത്ത്, അത് പറഞ്ഞവര് പുറത്ത്.
അപ്പോള്‍ മറ്റവന്‍മാര് അടങ്ങി നില്‍ക്കുമോ, അവര് രശീതുമായി പത്രോഫീസില്‍ കയറിയിറങ്ങി. പാര്‍ട്ടി നാറി. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്നല്ലേ…
യാത്ര നടത്തണമെന്നാണ് പറയുന്നത്. അടുത്ത മാസം തുടങ്ങുമെന്നാണ് അറിയിപ്പ്.

ഇവര് യാത്ര നടത്തുക, അത്യാവശ്യം അടിപിടി നടത്തുക, പതാക ഉയര്‍ത്തുക. അതൊക്കെ മതിയെന്നാണ് പറയുന്നത്.
അഴിമതിക്കെതിരെ നടപടി തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ മരവിപ്പാണ്. ഇപ്പോള്‍ മന്ത്രിസ്ഥാനം കണ്ണന്താനത്തിന് കിട്ടിയപ്പോള്‍ മരവിപ്പ് കൂടി. നേതാക്കളുടെ മങ്ങിയ മുഖങ്ങള്‍. നേരുന്നു, ഓണാശംസകള്‍, ക്ഷമിക്കണം, ക്ഷീണാശംസകള്‍!
കണ്ണന്താനത്തിനെ തീരെ പിടിക്കുന്നില്ല, കേട്ടോ. ബീഫ് തിന്നോ എന്നാണ് പറയുന്നത്. ബീഫിന് ആരും എതിരല്ലെന്ന്. പാര്‍ട്ടിക്കാര് ബീഫുകാരെ തെരഞ്ഞ് പിടിച്ചടിച്ചോടിക്കുക, കുത്തി മലര്‍ത്തുക. അപ്പോള്‍ മന്ത്രി പറയുകയാ, ബീഫ് തിന്നുന്നതിനെതിരല്ലെന്ന്…

മന്ത്രി മലക്കം മറിഞ്ഞു എന്നാ തോന്നുന്നത്. ടൂറിസ്റ്റുകള്‍ ബീഫ് കഴിച്ച് വന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ പറയുന്നത്.
നമ്മുടെ നേതാക്കളും മാറിയെന്നാണ് തോന്നുന്നത്. സ്വീകരണം നല്‍കാനുള്ള പുറപ്പാടിലാണ് കുമ്മനവും കൂട്ടരും. അമിത് ഷാ കണ്ണുരുട്ടിയിട്ടുണ്ടാകും. ഇല്ലേ?
കണ്ണന്താനം ഇനി മേഘാലയത്തിലേക്കാണ്. അവിടുത്തെ സംഘടന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.
ടൂറിസം മന്ത്രിയല്ലേ, അവിടെയും ഇവിടെയും പോകും. ഇവിടുത്തെ നേതാക്കള്‍ ഇവിടെ ഇരിക്കും.
ഇനി പറയാം, മക്കളേ, അടുത്ത് വരൂ, നമുക്ക് വീണ്ടും ഗ്രൂപ് കളിക്കാം, മലര്‍ത്തിയടിക്കാം, രശീതെടുത്തോ, പുറത്തിറങ്ങി നാലാളെ കാണാം…