‘അമാനാ സ്റ്റുഡന്റ് സേഫ്റ്റി’ ക്യാമ്പയിന് തുടക്കമായി

Posted on: September 10, 2017 10:09 pm | Last updated: September 10, 2017 at 10:09 pm

അബുദാബി: പുതിയ അധ്യയന വര്‍ഷത്തെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിദ്യര്‍ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്നതിന് അബുദാബി പോലീസ് സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് അമാന സ്റ്റുഡന്റ് സേഫ്റ്റി ക്യാമ്പയിന് തുടക്കമായി.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളുകളിലേക്കും വിദ്യാര്‍ത്ഥികള്‍ക്കും സമഗ്ര ട്രാഫിക് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകളുടെ വശങ്ങളിലുള്ള ‘സ്റ്റോപ്പ് ‘ ബോര്‍ഡ് കണ്ടാല്‍ മറ്റു വാഹനങ്ങള്‍ മുന്നോട്ടെടുക്കരുതെന്ന് അധികൃതര്‍ അറിയിച്ചു.
എമിറേറ്റില്‍ ഇന്ന് മുതല്‍ മുഴുവന്‍ സ്‌കൂളുകളും പ്രവൃത്തിദിനം ആരംഭിക്കുന്നതിനാല്‍ നിരത്തുകളില്‍ വന്‍ ഗതാഗത ക്രമീകരണങ്ങളാണ് ട്രാഫിക് പോലീസ് ഒരുക്കുന്നത്. പരിഷ്‌കരിച്ച ട്രാഫിക് നിയമം പ്രാബല്യത്തിലായ ശേഷമുള്ള അധ്യയന വര്‍ഷമാണിത്.

കുട്ടികളുടെ സുരക്ഷിതമായ സഞ്ചാരത്തിനു വിഘ്‌നം വരുത്തുന്ന നിയമലംഘനങ്ങള്‍ നിരീക്ഷിച്ചു കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. സ്‌കൂള്‍ ബസുകള്‍ കുട്ടികളെ കയറ്റിറക്കം നടത്തുമ്പോള്‍ ബസുകള്‍ വശങ്ങളിലുള്ള ‘സ്റ്റോപ്പ് ‘ ബോര്‍ഡ് വിടര്‍ത്തും.

ഇതുകണ്ടാല്‍ മുന്നിലും പുറകിലുമുള്ള വാഹനങ്ങള്‍ അഞ്ചു മീറ്റര്‍ കുറയാത്ത അകലത്തില്‍ നിര്‍ത്തണമെന്നാണ് നിയമം. ഇതുലംഘിച്ചു വാഹനം മുന്നോട്ടെടുക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണ് പിഴ. ഈ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ ഒറ്റയടിക്ക് പത്ത് ബ്ലാക്് മാര്‍ക്ക് വീഴാനും ഈ നിയമലംഘനം മതിയാകുമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രി. അലി ഖല്‍ഫാന്‍ അല്‍ദാഹിരി അറിയിച്ചു.
സ്‌കൂള്‍ ബസ് നിര്‍ത്തുമ്പോള്‍ സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ഡ്രൈവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഡ്രൈവര്‍ക്കും പിഴ കിട്ടും.

500 ദിര്‍ഹവും 6 ബ്ലാക്ക് മാര്‍ക്കുമാണ് ഡ്രൈവര്‍ക്ക് ശിക്ഷ. ജൂലൈയില്‍ നിലവില്‍ വന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമം സ്‌കൂള്‍ സമീപ റോഡുകളിലൂടെ മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുംവിധം വാഹനമോടിക്കുന്ന ഏതു നിയമലംഘനങ്ങള്‍ക്കും പിഴ 400 ദിര്‍ഹമാണ്.
ഇതിനു പുറമേ നാല് ബ്ലാക് മാര്‍ക്ക് ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ വീഴും. ഡ്രൈവറും സഹയാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാതെ സഞ്ചരിച്ചാലും സമാന തുകയാണ് പിഴ.