കനോലി കനാല്‍: മാലിന്യ പ്രശ്‌നം അതിരൂക്ഷമെന്ന് പഠന റിപ്പോര്‍ട്ട്

Posted on: September 10, 2017 12:32 pm | Last updated: September 10, 2017 at 12:32 pm

താനൂര്‍: നിയോജക മണ്ഡലത്തില്‍ ആരംഭിച്ച ക്ലീന്‍ കനോലി പദ്ധതിയുടെ ഭാഗമായി നൂതന സാങ്കേതിക സംവിധാനമുപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കി.
അതിരൂക്ഷമായ മാലിന്യ പ്രശ്‌നമാണ് കനാലില്‍ നിലനില്‍ക്കുന്നതെന്ന് വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാന്‍സര്‍ അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നതെന്നും അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

താനൂര്‍ എം എല്‍ എ വി. അബ്ദുര്‍റഹിമാന്റെ ആവശ്യപ്രകാരം ജില്ലാ കളലക്ടര്‍ അമിത് മീണ കനാല്‍ സന്ദര്‍ശിക്കുകയും, കനാല്‍ നവീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുകയും ചെയ്തിരുന്നു. എം എല്‍ എ മുന്‍കൈയ്യെടുത്താണ് നൂതന സാങ്കേതിക ഉപയോഗിച്ചുള്ള റോബോട്ടിക് സര്‍വേ നടത്താന്‍ കളമൊരുക്കിയത്.

ആഗസ്റ്റ് 15ന് താനൂര്‍ കൂനന്‍ പാലത്തിനടുത്ത് തെക്കോട്ടുള്ള 200 മീറ്റര്‍ പ്രദേശത്ത് നിന്ന് മൂവായിരത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി ഐ എസ്) ഉപയോഗിച്ച് ശേഖരിച്ച സാമ്പിളുകള്‍ പഠിച്ച് പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത ജലോപരിതലത്തിലും, അടിത്തട്ടിലും പരിശോധന നടത്താന്‍ വികസിത രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള സംവിധാനമാണിതെന്ന് പഠനം നടത്തിയ ഫെന്‍ബോട്ട് നിര്‍മാതാക്കള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കനോലി കനാലിലെ വെള്ളത്തില്‍ പി എച്ച് അളവ്, മിക്കയിടങ്ങളിലും 5.5ല്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മത്സ്യങ്ങള്‍ക്കും മറ്റു ജലജീവികള്‍ക്കും വസിക്കാന്‍ പറ്റാത്ത അവസ്ഥ ഇതുമൂലം സംജാതമായിട്ടുണ്ട്. വെള്ളത്തിലെ ടി ഡി എസ് അളവുകളും, ഒട്ടും സ്വീകാര്യമല്ലാത്തതാണെന്നും ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കനോലി കനാലിന്റെ അടിത്തട്ടില്‍ മിക്കയിടങ്ങളിലും അരമീറ്ററോളം കനത്തില്‍ അജൈവ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ അറവുശാലകള്‍, വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ്. അടിത്തട്ടില്‍ അടിഞ്ഞു കൂടിയ ഈ മാലിന്യം പാരിസ്ഥിതിക സംഹാരത്തിന് തന്നെ ഇടയാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഒരേസമയം വെള്ളപ്പൊക്കത്തിനും, വരള്‍ച്ചക്കും ഒരു പോലെ കാരണമാകും. കനോലി കനാലിന്റെ രൂക്ഷമായ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടികള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.