Connect with us

Kerala

ഭീഷണിയുള്ള എഴുത്തുകാര്‍ക്ക് സംരക്ഷണം നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭീഷണി നേരിടുന്ന എഴുത്തുകാരും ചിന്തകരുമായ 19 പേര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരുടെ പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കി. പ്രമുഖ ചിന്തകന്‍ ഡോ. കെ എസ് ഭഗവാന്‍, നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് എന്നിവരുള്‍പ്പെടെ സംരക്ഷണം നല്‍കേണ്ട പ്രമുഖരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രമുഖ എഴുത്തുകാരന്‍ വീരഭദ്ര ചെന്നമല്ല സ്വാമി, ചെന്നവീര കണവി, പാട്ടീല്‍ പുട്ടപ്പ, കും വീരഭദ്രപ്പ, യുക്തിവാദി ഫെഡറേഷന്‍ തലവന്‍ നരേന്ദ്ര നായക്, എഴുത്തുകാരായ യോഗേഷ് മാസ്റ്റര്‍, ചേതനാ തീര്‍ഥഹള്ളി, ബാരാഗുര്‍ രാമചന്ദ്രപ്പ, കെ മുരളാശിഡപ്പ, പ്രൊഫ. സിദ്ധലിംഗയ്യ, എഴുത്തുകാരന്‍ ബന്‍ജാഗരേ ജയപ്രകാശ് എന്നിവരാണ് പട്ടികയിലുള്ള പ്രമുഖര്‍. എല്ലാവരും തന്നെ ഇടതുപക്ഷാനുഭാവികളാണ്. ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നാലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമാണ് പ്രൊഫ. കെ എസ് ഭഗവാന്‍. ഹിന്ദുത്വ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രൊഫ. ഭഗവാന് നേരെ നിരന്തരം വധഭീഷണി ഉയര്‍ത്തിയിരുന്നു. ഭഗവദ്ഗീതയെ കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ സംഘ്പരിവാറിനെ ഇദ്ദേഹത്തിനെതിരെ തിരിച്ചു. ഭഗവദ്ഗീതയിലെ ചില വരികള്‍ കത്തിക്കേണ്ടതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ദളിത് യുവാവിന്റെ വിരല്‍ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാന്‍ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമായി. കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ അടുത്ത ഇര കെ എസ് ഭഗവാനാണെന്ന ചിലരുടെ ഭീഷണിയെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. മംഗളൂരുവില്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇദ്ദേഹം ബജംറംഗ്ദളിന്റെ കൈയേറ്റത്തിനിരയായിരുന്നു. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സാഹിത്യ അക്കാദമി അധികൃതര്‍ക്കുമെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. അക്കാദമിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ബി ജെ പി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

കന്നഡ സാഹിത്യകാരനും ചിന്തകനുമായ ഡോ. എം എം കല്‍ബുര്‍ഗിയെ അജ്ഞാത സംഘം വീട്ടിലെത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 2015 ആഗസ്റ്റ് 30നാണ് ഈ കൊലപാതകം നടന്നത്. സംഘ്പരിവാര്‍ വിമര്‍ശകരായിരുന്ന ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ദാബോല്‍ക്കരുടെയും കൊലപാതകത്തിന് ശേഷമായിരുന്നു അത്യന്തം ദാരുണമായ ഈ സംഭവം.

പുരോഗമന വാദികളെ വകവരുത്താന്‍ ഗൂഢ നീക്കം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കര്‍ണാടിനും കെ എസ് ഭഗവാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എം എം കല്‍ബുര്‍ഗി കൊല ചെയ്യപ്പെട്ടപ്പോള്‍ തന്നെ ഗിരീഷ് കര്‍ണാടിനും കെ എസ് ഭഗവാനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ 35 പേരുടെ പട്ടികയാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ സെപ്തംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.