Connect with us

International

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്കെന്ന് പ്രവചനം

Published

|

Last Updated

വാഷിങ്ടന്‍ : കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അല്‍പസമയത്തിനകം അമേരിക്കന്‍ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. കീസ് ദ്വീപസമൂഹത്തില്‍ നിന്നാണ് ഇര്‍മ ഫ്‌ളോറിഡയില്‍ കരയിലേക്കു പ്രവേശിക്കുക. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലാണ് ഇര്‍മയുടെ മുന്നേറ്റം. ക്യൂബയില്‍ കനത്ത നാശം വിതച്ച കൊടുങ്കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞിരുന്നെങ്കിലും അമേരിക്കന്‍ തീരത്തെത്തുമ്പോള്‍ വീണ്ടും വേഗം വര്‍ധിക്കുമെന്നാണ് പ്രവചനം. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും ഇതുവരെ 24 പേര്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടിരുന്നു

ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഫ്‌ളോറിഡയില്‍ ഇന്ന് കനത്ത ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്. ഇതുവരെ ഒഴിപ്പിച്ചത് 56 ലക്ഷം പേരെ

ഇര്‍മയില്‍ നിന്നു രക്ഷ തേടി ഫ്‌ലോറിഡയില്‍ 56 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളില്‍ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്‌ലോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടര്‍ന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീര്‍ന്നു. 1992ല്‍ വീശിയടിച്ച ആന്‍ഡ്രൂ ചുഴലിക്കാറ്റിനേക്കാള്‍ വിനാശകാരിയാണ് ഇര്‍മയെന്നാണു വിലയിരുത്തല്‍. അന്ന് 65 പേരാണു മരിച്ചത്‌