കേരളവും കേന്ദ്രവും തമ്മിലുള്ള അടുത്ത ബന്ധം പ്രധാനമന്ത്രി ആഗ്രഹിക്കുന്നു : കണ്ണന്താനം

Posted on: September 10, 2017 11:04 am | Last updated: September 10, 2017 at 7:12 pm

കൊച്ചി : സംസ്ഥാനത്തിന്റെ വികസനത്തിനായി കേന്ദ്രവും കേരള സര്‍ക്കറും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍. കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം പറഞ്ഞു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു കണ്ണന്താനത്തിന്റെ അഭിപ്രായപ്രകടനം. രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിയ കണ്ണന്താനത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ ഒരുക്കിയിരിക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കുന്നതിനായി കണ്ണന്താനവും സംഘവും അവിടേക്കു തിരിച്ചു.

കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബിജെപിക്കുണ്ടായ തണുപ്പന്‍ പ്രതികരണം മാറ്റിവെച്ച് സംസ്ഥാന നേതൃത്വം മന്ത്രിക്ക് വിപുലമായ സ്വീകരണമാണ് നല്‍കിയത്. അതേസമയം, മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ ബിജെപി സംസ്ഥാന ഓഫിസില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാത്തതില്‍ നിരാശയില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. അന്നേ ദിവസം ഓഫിസിന് ഓണാവധി ആയതിനാലാണ് ആഘോഷമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.