സംസ്ഥാനത്ത് ഒരു ഭക്ഷണത്തിനും വിലക്കില്ല: മുഖ്യമന്ത്രി

Posted on: September 9, 2017 11:44 pm | Last updated: September 9, 2017 at 11:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഭക്ഷണത്തിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതുതരം ഭക്ഷണവും കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ കേരളത്തില്‍ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഓണാഘോഷത്തില്‍ ബീഫ് കഴിച്ചുവെന്ന പേരില്‍നടക്കുന്ന വിവാദങ്ങള്‍ക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.

ജാതിമത ചിന്തകള്‍ക്ക് അതീതമായി നടക്കുന്ന ഓണം മറ്റൊരു ആഘോഷവുമായി താരതമ്യംചെയ്യാനാകില്ലെന്ന് തുടങ്ങുന്ന പോസ്റ്റിലാണ് ഓണക്കാലത്തെ ഭക്ഷണത്തിന്റെ വൈവിധ്യത്തെക്കുറിച്ചും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ഓണക്കാലത്തെ ഭക്ഷണത്തില്‍ പ്രാദേശിക വൈവിധ്യങ്ങളുണ്ട്. എല്ലായിടത്തും ഇലയിട്ട് സദ്യവിളമ്പുമെങ്കിലും വിഭവങ്ങള്‍ വ്യത്യസ്ഥമാണ്.

തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകില്ല. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരളസമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

ഏതുഭക്ഷണവും കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണ്. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നതില്‍ അഭിമാനിക്കാം. നമ്മുടെ നാടിന്റെ ആ സാംസ്‌കാരിക സവിശേഷത കാത്തു സൂക്ഷിക്കാമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു.

സ്വകാര്യ ചാനലിലെ ഓണാഘോഷ പരിപാടിക്കിടെ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിക്കെതിരെ ആര്‍ എസ് എസുകാര്‍ നടത്തിയ സൈബര്‍ ആക്രമണവും ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയും കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.