മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജനെതിരെ അഴിമതിക്കേസ്

Posted on: September 9, 2017 8:52 pm | Last updated: September 10, 2017 at 12:14 pm

ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന് എതിരെ അഴിമതിക്കേസ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരിക്കെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ജയന്തി നടരാജനെതിരെ സിബിഐ ശനിയാഴ്ച കേസ് റജിസ്റ്റര്‍ ചെയ്തത്. ചെന്നൈയിലെ വസതിയില്‍ റെയ്ഡ് നടന്നതിനു തൊട്ടുപിന്നാലെയാണു കേസെടുത്തത്.

ജാര്‍ഖണ്ഡിലെ ഇലക്ടോസ്റ്റീല്‍ കാസ്റ്റിങ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനധികൃതമായി ഖനനാമുതി നല്‍കിയെന്നു ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. 55.67 ഹെക്ടര്‍ വനമാണ് മന്ത്രിയായിരിക്കെ ജയന്തി നടരാജന്‍ ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് അനുവദിച്ചത്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും പരിസ്ഥിതി നിയമങ്ങളും മറികടന്നാണ് ഇതിന് അനുമതി നല്‍കിയതെന്നു പ്രഥമവിവര റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു.

അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടു ജയന്തിക്കെതിരെ ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് അവരുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണമുണ്ട്. 2011 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയാണു ജയന്തി നടരാജന്‍ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ രാജിവയ്പ്പിച്ചു. തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ജയന്തി നടരാജന്‍ 2015ല്‍ പാര്‍ട്ടി വിട്ടിരുന്നു