രേഖകളില്ലാത്തെ ദേരാ ആസ്ഥാനത്ത് നിന്ന് മെഡിക്കല്‍ കോളജിന് നല്‍കിയത് 14 മൃതദേഹങ്ങള്‍

Posted on: September 9, 2017 11:15 am | Last updated: September 9, 2017 at 12:25 pm

ലക്‌നോ: ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മിത് റാമിന്റെ നേതൃത്വത്തിലുള്ള ദേര സച്ചാ സൗധ ആശ്രമത്തില്‍ നിന്ന് മെഡിക്കല്‍ കോളജിന് 14 മൃതദേഹങ്ങള്‍ കൈമാറിയതായി കണ്ടെത്തി. മരണ സര്‍ട്ടിഫിക്കറ്റോ, അനുമതി പത്രമോ കൂടാതെയാണ് സ്വകാര്യ മെഡിക്കല്‍ കോളജിന് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ മെഡിക്കല കോളജായ ജിസിആര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനാണ് മൃതദേഹങ്ങള്‍ കൈമാറിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നോട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സംഭവം അതീവ ഗൗരവമുള്ളതാണെന്ന് അലഹബാദ് ഹൈക്കോടതി നിയോഗിച്ച ഹിയറിംഗ് കമ്മിറ്റി അറിയിച്ചു. ആഗസ്റ്റ് 16ന് മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ജിസിആര്‍ജി ആശുപത്രിയില്‍ പഠന ആവശ്യത്തിനുള്ള 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വെറും ഒരു മൃതദേഹം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഗുര്‍മിത് റാമിന്റെ അനുയായികള്‍ ദാനം ചെയ്തതാണ ഈ മൃതദേഹങ്ങള്‍ എന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. മരിച്ചവരുടെ ബന്ധുക്കള്‍ ഇതിന് സമ്മതം നല്‍കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു.