കാലിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പരിഷ്‌കരിക്കാത്ത ഫോറങ്ങളും പഴയ ഫീസ് നിരക്കും

Posted on: September 9, 2017 12:59 am | Last updated: September 9, 2017 at 1:02 am

കാലിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍
പരിഷ്‌കരിക്കാത്ത ഫോറങ്ങളും പഴയ ഫീസ് നിരക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സേവനങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഫോറങ്ങള്‍ പരിഷ്‌കരിച്ച് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതില്‍ വട്ടംകറങ്ങുന്നത് വിദ്യാര്‍ഥികള്‍. ഫീസ് നിരക്കിലും അപേക്ഷാ നടപടികളിലും സര്‍വകലാശാല കാലാനുസൃതമായി മാറ്റം വരുത്തിയെങ്കിലും വെബ്‌സൈറ്റില്‍ പഴയ വിവരങ്ങളാണ് ഇപ്പോഴുമുള്ളത്. ഫോറങ്ങള്‍ പരിഷ്‌കരിച്ച് ലഭ്യമാക്കിയിട്ടുമില്ല. ഇതിനാല്‍ ചലാനടച്ച് ഓണ്‍ലൈനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാലയിലെത്തി വട്ടംകറങ്ങുന്നത് പതിവാണ്.

ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്, ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അപേക്ഷിക്കാനുള്ള ഫീസ് കാലാനുസൃതമായി സര്‍വകലാശാല വര്‍ധിപ്പിച്ചെങ്കിലും കലാശാലയുടെ വെബ്‌സൈറ്റില്‍ പരിശോധിക്കുന്നവര്‍ ഇക്കാര്യം അറിയില്ല. പഴയ ഫീസ് അടച്ച് ഓണ്‍ലൈനായി അപേക്ഷിച്ച് പ്രിന്റ് ഔട്ടുമായി സര്‍വകലാശാലയിലെ അതത് ഓഫീസുകളിലെത്തുമ്പോഴാണ് ഫീസ് നിരക്കിലെ മാറ്റം വിദ്യാര്‍ഥികള്‍ അറിയുന്നത്. ഇതോടെ എല്ലാം ആദ്യം മുതല്‍ തന്നെ ചെയ്യേണ്ട ഗതികേടിലാകും വിദ്യാര്‍ത്ഥികള്‍. പാലക്കാട്, തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നും യാത്രക്കായി നല്ലൊരു തുക മുടക്കിയും കഷ്ടപ്പെട്ട് യാത്ര ചെയ്തും തേഞ്ഞിപ്പലത്തെ സര്‍വകലാശാല ക്യാമ്പസിലെത്തുന്ന നിരവധി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വലയുന്നത്.

വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കുന്നവര്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത വ്യക്തമാക്കാന്‍ സര്‍വകലാശാലയില്‍ നിന്ന് ഒഫീഷ്യല്‍ ട്രാന്‍സ്‌ക്രിപ്റ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങി വിദേശത്തെ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിന് സര്‍വകലാശാലയുടെ പുതുക്കിയ ഫീസ് നിരക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ കാലാവധിക്കനുസരിച്ച് 200, 400, 750 എന്നിങ്ങനെയാണ്. എന്നാല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ 200, 500 എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ഫീസടച്ചവര്‍ കുടുങ്ങുമെന്നത് ഉറപ്പാണ്. ഇതുപോലെ 2014-17 ഡിഗ്രി ബാച്ചിനെ നിര്‍ബന്ധിത സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കിയതാണ്. എന്നാല്‍ വെബ്‌സൈറ്റിലെ ഫോമിലാകട്ടെ ഈ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത സാമൂഹിക സേവനം ബാധകമാണ്. ഫോറം പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കാത്തതിനാല്‍ ഈ വിഭാഗം വിദ്യാര്‍ഥികളും സര്‍വകലാശാലയില്‍ വന്ന് ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ സര്‍വകലാശാല അധികൃതരാകട്ടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല.