Connect with us

Kerala

ഭര്‍ത്താവ് വില്‍പ്പന നടത്തിയ വീട്ടുപകരണങ്ങള്‍ പോലീസ് ഇടപെട്ട് ഭാര്യയെ തിരിച്ചേല്‍പ്പിച്ചു

Published

|

Last Updated

കാസര്‍കോട്: ഭര്‍ത്താവ് വില്‍പ്പന നടത്തിയ വീട്ടുപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പോലീസ് ഇടപെട്ട് ഭാര്യയെ തിരിച്ചേല്‍പ്പിച്ചു.
ഭാര്യയും മൂന്നു മക്കള്‍ക്കുമൊപ്പം കാസര്‍കോടിന്റെ സമീപപ്രദേശത്ത് വാടകമുറിയില്‍ താമസിക്കുന്ന യുവാവ് ഭാര്യയോട് പിണങ്ങിയതോടെയാണ് താമസസ്ഥലത്തെ ബള്‍ബു മുതല്‍ ഫ്രിഡ്ജ് വരെയുള്ള എല്ലാ സാധനങ്ങളും ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് മറ്റൊരാള്‍ക്ക് 20,000 രൂപയ്ക്ക് വില്‍പന നടത്തിയത്. ഈ പണത്തില്‍ 18,600 രൂപ സുഹൃത്തുക്കളോടൊപ്പം ധൂര്‍ത്തടിച്ച് കളഞ്ഞു.

ഇതറിഞ്ഞ ഭാര്യ താമസസ്ഥലത്തെ എല്ലാ സാധനങ്ങളും ഭര്‍ത്താവ് വില്‍പ്പന നടത്തിയെന്നും ഇവയെല്ലാം തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ടൗണ്‍പോലീസില്‍ പരാതി നല്‍കി.

കാര്യം പന്തിയല്ലെന്ന് ബോധ്യപ്പെട്ട ഭര്‍ത്താവ് താന്‍ വിറ്റ എല്ലാ സാധനങ്ങളും ഉടന്‍ തന്നെ താമസസ്ഥലത്തേക്ക് എത്തിക്കാമെന്ന് പോലീസിന് ഉറപ്പുനല്‍കി. വാങ്ങിയ ആള്‍ ഉടന്‍ തന്നെ സാധനങ്ങള്‍ തിരിച്ചേല്‍പിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇതനുസരിച്ച് സാധനങ്ങള്‍ വീട്ടിലെത്തിച്ചു.

നേരത്തെ സാധനങ്ങള്‍ വിറ്റുകിട്ടിയ 20,000 രൂപ ഒരു മാസത്തിനകം തിരികെ കൈമാറിയ ആള്‍ക്ക് തിരിച്ചുകൊടുക്കാനും ധാരണയായി.
ഭര്‍ത്താവിനെയും ഒരു അന്വേഷണവും നടത്താതെ സാധനങ്ങള്‍ വാങ്ങിയ ആളെയും പോലീസ് താക്കീത് നല്‍കിയാണ് വിട്ടയച്ചത്.

Latest