വേദികളില്‍ ദൃശ്യവിരുന്നൊരുക്കി ‘വാഴക്കുല’യും ‘മാമ്പഴവും’

Posted on: September 8, 2017 11:53 pm | Last updated: September 8, 2017 at 11:53 pm

കൊല്ലം: കലയുടെ ദൃശ്യാവിഷ്‌കാരമായി സാഹിത്യോത്സവ് വേദികള്‍. സാധാരണ കലോത്സവ വേദികള്‍ക്ക് സാഹിത്യകാരന്‍മാരുടെ നാമകരണം നല്‍കപ്പെടുമ്പോള്‍ സാഹിത്യോത്സവിലെ വേദികള്‍ പ്രധാന സാഹിത്യകാരന്‍മാരുടെ രചനകളും കഥകളിലെ ഇതിവൃത്തങ്ങളും ആസ്പദമാക്കിയുള്ളവയാണ്. കടമനിട്ടയുടെ ‘നദിയൊഴുകുന്നു’ എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരമാണ് ഒന്നാം വേദിയുടെ പശ്ചാത്തലവും ഇതിവൃത്തവും.

പതിനൊന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചങ്ങമ്പുഴയുടെ പ്രശസ്തമായ ‘വാഴക്കുല’, ഒ എന്‍ വിയുടെ മലയാളം, വൈലോപ്പള്ളിയുടെ ” ‘മാമ്പഴം’ എന്നിവയടക്കമുള്ള മലയാത്തിലെ ജനകീയ രചനകളുടെ ദൃശ്യാവിഷ്‌കാരവും വേദികളുടെ പശ്ചാത്തലത്തിലായുണ്ട്.
ജനകീയ രചനകള്‍ വേദികളുടെ പശ്ചാത്തലത്തിലെത്തിക്കുന്നത് വളാഞ്ചേരിയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ മോഹനനും സംഘവുമാണ്. 25 വര്‍ഷത്തോളമായി കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹവും സംഘവും കേരളത്തിന് പുറത്തും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മോഹനൊപ്പം 25 ഓളം കലാകാരന്‍മാരും ചേര്‍ന്നാണ് സാഹിത്യോത്സവ വേദികളുടെ പശ്ചാത്തല ചിത്രങ്ങള്‍ ഒരുക്കുന്നത്. വേദി ഒന്നില്‍ കൊല്ലത്തെ കായല്‍ തീരവും, വഞ്ചിയും, ചീന വലയുടെയുമൊക്കെ പശ്ചാത്തലമായി ഒരുക്കിയിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ ചാരുകസേരയും, സംഗീതോപകരണവുമൊക്കെ മോഹനന്റെ കരവിരുതില്‍ സാഹിത്യോത്സവ് നഗരിയില്‍ തയ്യാറാക്കിയിട്ടുണ്ട്.