ആര്‍ എസ് എസിനെ വിമര്‍ശിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ബി ജെ പി. എം എല്‍ എ

  Posted on: September 8, 2017 9:32 am | Last updated: September 8, 2017 at 9:32 am

  ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബി ജെ പി. എം എല്‍ എ നടത്തിയ പ്രസ്താവന വിവാദത്തില്‍. ആര്‍ എസ് എസിനെതിരെ എഴുതിയിരുന്നില്ലെങ്കില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് ബി ജെ പിയുടെ ശൃംഗേരി എം എല്‍ എയും മുന്‍ മന്ത്രിയുമായിരുന്ന ഡി എന്‍ ജീവരാജ് പറഞ്ഞു. ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയതാണ് ഗൗരി ലങ്കേഷിന്റെ വധത്തിന് പ്രേരണയായതെന്നും അങ്ങനെ എഴുതിയില്ലായിരുന്നുവെങ്കില്‍ ഗൗരി ഇപ്പോഴും ജീവിച്ചിരുന്നേനെയെന്നുമാണ് ജീവന്‍രാജ് പ്രസംഗിച്ചത്.
  കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഗൗരി ലങ്കേഷിന് മിണ്ടാട്ടമില്ലായിരുന്നു. പകരം അവര്‍ ആര്‍ എസി എസിനെ വിമര്‍ശിക്കുകയായിരുന്നു.

  അവര്‍ നമ്മുടെ സഹോദരിയല്ലേ? ഗൗരി ലങ്കേഷ് അവരുടെ പത്രത്തില്‍ ചഡ്ഡികള മരണ ഹോമ (സംഘപരിവാറിന്റെ മരണ ഹോമം) എന്ന് എഴുതിയില്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ ജീവനോടെ ബാക്കിയുണ്ടാകുമായിരുന്നില്ലേയെന്നും ജീവരാജ് ചോദിച്ചു. ജീവരാജിന്റ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറുകാര്‍ തന്നെ ആഘോഷിക്കുന്നുണ്ട്.
  ബി ജെ പിയുടെ മംഗളൂരു ചലോ റാലിക്ക് മുന്നോടിയായി കൊപ്പയില്‍ പാര്‍ട്ടി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുതിര്‍ന്ന ബി ജെ പി നേതാവ് കൂടിയായ ജീവരാജ് വിവാദ പ്രസംഗം നടത്തിയത്. ഗൗരിയുടെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കവെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തില്‍ ബി ജെ പിയുടെ എം എല്‍ എ തന്നെ രംഗത്ത് വന്നിരിക്കുന്നത്. കൊലപാതകത്തില്‍ ആര്‍ എസ് എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

  അതിനിടെ കൊലയുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് രാഷ്ട്രീയമായി എന്തെങ്കിലും തടസ്സമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേസ് സി ബി ഐക്ക് വിടാന്‍ മടിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും. കല്‍ബുര്‍ഗി കേസില്‍ നടപടിയെടുത്തില്ലെന്ന് പറയുന്നത് ശരിയല്ല. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ചില തെളിവുകള്‍ കൂടി കിട്ടാനുണ്ട്. ഇന്റലിജന്‍സ് ഐ ജി. ബി കെ സിംഗും ഡി സി പി. എം എന്‍ അനുചേദും നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് കേസ് ഉടന്‍ തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണം നീതി പൂര്‍വം നടക്കും.

  കൊലയാളിയെ കുറിച്ച് പ്രാഥമികമായ ചില സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അധികാരമില്ലെന്നും റെഡ്ഡി പറഞ്ഞു.