ഗൗരി ലങ്കേഷിന്റെ കൊലപാതകം ; അന്വേഷണത്തിന് പ്രത്യേക സംഘം

Posted on: September 6, 2017 11:46 pm | Last updated: September 7, 2017 at 1:23 am

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഐ ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. മൂന്ന് ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇന്നലെ രാവിലെ വിധാന്‍സൗധയില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം ഇപ്പോള്‍ സി ബി ഐക്ക് വിടാന്‍ ആലോചിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഉടന്‍ മംഗളുരുവിലേക്ക് പുറപ്പെടും. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ജീവന് ഭീഷണിയുള്ളതായി ഗൗരി ലങ്കേഷ് ഒരിക്കലും തന്നോട് പറഞ്ഞിരുന്നില്ല. ഈയടുത്ത് അവര്‍ തന്നെ കണ്ടിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണിയുള്ള എല്ലാ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, ഡി ജി പി ആര്‍ ക ദത്ത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം കേസന്വേഷണം സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്ത് വന്നിട്ടുണ്ട്. സി ബി ഐക്ക് വിടണമെന്ന് മാധ്യമ സമൂഹവും സാമൂഹിക- സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സംഘ്പരിവാര്‍ ശക്തികള്‍ ആണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണത്തോട് ബി ജെ പിയും യോജിക്കുന്നുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ ചുമതലപ്പെടുത്തി. അതേസമയം, ഗൗരിയുടെ ഘാതകരെ കണ്ടെത്താന്‍ പോലീസ് വിവിധ തലങ്ങളിലായി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടെ, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സി സി ടി വിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നിരുന്നതായി വ്യക്തമായിട്ടുണ്ട്. രണ്ട് ബൈക്കുകളുടെ ശബ്ദം കേട്ടെന്ന് ഒരു അയല്‍വാസിയും മൊഴി നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ ഗൗരിയുടെ വീടിന് മുന്നിലും വാതിലിലും ഘടിപ്പിച്ചിരുന്ന രണ്ട് സി സി ടി വി ക്യാമറകളും പോലീസ് പരിശോധനക്ക് വിധേയമാക്കി. പാസ്‌വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിച്ചിരുന്ന ക്യാമറകളിലെ ദൃശ്യം വീണ്ടെടുക്കുന്നതിന് ഐ ടി വിദഗ്ധരുടെ സഹായം തേടാനാണ് പോലീസ് നീക്കം.