ബ്രിക്‌സ് പ്രഖ്യാപനവും ചൈനയുടെ കാപട്യവും

Posted on: September 6, 2017 8:48 am | Last updated: September 5, 2017 at 11:51 pm

തീവ്രവാദത്തിനെതിരെ ശക്തമായി പോരാടാനുള്ള പ്രഖ്യാപനത്തോടെയാണ് ചൈനയിലെ ഷിയാമെനില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടി പര്യവസാനിച്ചത്. ഇസില്‍, താലിബാന്‍, അല്‍ഖാഇദ എന്നിവക്ക് പുറമെ ലഷ്‌കറെ തയ്യിബ, ജെയ്‌ഷേ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി പാക്കിസ്ഥാനുള്ള ബന്ധത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ഉച്ചകോടി പ്രമേയം പാസാക്കിയത്. യോഗത്തില്‍ ത്രീവവാദ സംഘടനകള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക തലവന്മാരും അംഗീകരിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് താവളവും പിന്തുണയും നല്‍കുന്ന വിഷയം ബ്രിക്‌സില്‍ ഇന്ത്യ ഉന്നയിക്കരുതെന്നും ഉച്ചകോടിയുടെ വിജയത്തെ അത് ബാധിച്ചേക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് നേരത്തെ ഉണര്‍ത്തിയിരുന്നു. പാക്കിസ്ഥാന്‍ ഭീകരരെ പിന്തുണക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആ രാജ്യം സഹകരിക്കുന്നത് ലോകരാജ്യങ്ങള്‍ തിരിച്ചറിയണമെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യക്കെതിരായ തീവ്രവാദികളുടെ പോരാട്ടത്തെ പിന്തുണക്കുന്ന നിലപാടാണ് എക്കാലത്തും ചൈന സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യാ-പാക് പ്രശ്‌നത്തില്‍ എന്നും പാക്കിസ്ഥാന്റെ പക്ഷത്താണ് ചൈന. മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനക്ക് യു എന്‍ രക്ഷാസമിതിയില്‍ ഉടക്കു വെച്ചത് ചൈനയായിരുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഒരാളെ ഭീകരനായി പ്രഖ്യാപിക്കാനാവില്ലെന്ന ന്യായത്തില്‍ തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ചാണ് അവര്‍ തടസ്സം നിന്നത്. വിദേശ ആക്രമണമുണ്ടായാല്‍ തങ്ങളുടെ രാജ്യത്തിന്റെ പിന്തുണ പാക്കിസ്ഥാനായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫിന്റെ സാന്നിധ്യത്തില്‍ നടന്ന ഉന്നത നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ചയില്‍ ചൈനീസ് നയതന്ത്ര പ്രതിനിധി യു ബോറിന്‍ ഉറപ്പ് നല്‍കിയതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉരുക്കിനേക്കാള്‍ ശക്തിയും തേനിനേക്കാള്‍ മധുരവുമുള്ളതാണ് പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധമെന്നാണ് പാക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെ ചൈനീസ് ഉപപ്രധാനമന്ത്രി വാങ്ക് യങ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രമേയത്തെ അനുകൂലിച്ച ചൈനയുടെ നടപടി ഇന്ത്യയുടെ വിജയതന്ത്രമായി അവകാശപ്പെടാമെങ്കിലും ചൈന അവരുടെ പാക് നയത്തില്‍ കാതലായ മാറ്റം വരുത്താത്ത കാലത്തോളം ബ്രിക്‌സ് പ്രമേയം ഒരു ഫലവുമുളവാക്കില്ല. പാക്കിസ്ഥാന് ചൈന നല്‍കിവരുന്ന പിന്തുണയിലും സഹായത്തിലും പ്രമേയം പ്രതിഫലിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ആഗോള വിപത്താണ് ഭീകരത. ഭീകരവാദ, തീവ്രവാദ ഭീഷണിയെ അഭിമുഖീകരിക്കാത്ത രാഷ്ട്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. എല്ലാ ആഗോള ഉച്ചകോടികളും രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചകളും അവസാനിക്കുന്നത് ഭീകര വിരുദ്ധ പ്രഖ്യാപനത്തോടും തീവ്രവാദത്തിനെതിരായ ഉടമ്പടിയോടെയുമാണ്. അതേസമയം അന്താരാഷ്ട്ര വേദികളില്‍ ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നവര്‍ തന്നെയാണ് ഭീകര പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതും അവക്ക് വെള്ളവും വളവും നല്‍കുന്നതുമെന്നതാണ് വിരോധാഭാസം.
ഭീകരതക്ക് ദീര്‍ഘകാലചരിത്രമുണ്ടെങ്കിലും സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശ കാലത്ത് താലിബാന്‍ ഉടലെടുത്തതോടെയാണ് അതേക്കുറിച്ചു ലോകം കൂടുതല്‍ സംസാരിച്ചു തുടങ്ങിയത്. അഫ്ഗാനിലെ ഡോ. നജീബുല്ല സര്‍ക്കാറിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയാണ് ത്വാലിബാന്‍ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അല്‍ഖാഇദയും ഇസിലും ബൊക്കോഹറാമുമെല്ലാം. അതിന്റെ തുടര്‍ച്ചയും രൂപാന്തരവുമാണ് . ഇസ്‌റാഈല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യക്കെതിരെ ഉയര്‍ന്ന സാര്‍വ ദേശീയ സമൂഹത്തിന്റെ പ്രതിഷേധം വഴിതിരിച്ചു വിടുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഇസ്‌ലാമിക തീവ്രവാദത്തെ വളര്‍ത്തിയെടുത്തതിന് പിന്നില്‍ അമേരിക്കക്ക്.

ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്‌റാഈലിനെ പോറ്റിവളര്‍ത്തുന്നതും ഭീകരതക്കെതിരെ വാചാലമാകുന്ന അമേരിക്കയും പാശ്ചാത്യന്‍ ശക്തികളുമാണല്ലോ. പാക് തീവ്രവാദത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഇന്ത്യയുടെ സമീപനം. എന്നാല്‍ ഇന്ത്യക്കെതിരെ ഒരു ഘട്ടത്തില്‍ ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളെ പിന്തുണച്ചതായി ആരോപണമുയര്‍ന്നതാണ്. കശ്മീരിലെ ഭരണകൂട ഭീകരതയാണ് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതെന്നത് കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ചു ആഴത്തില്‍ പഠിച്ച ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചൂണ്ടിക്കാട്ടുകയുണ്ടായി. പശുവിനെ ചൊല്ലി ഇന്ത്യയില്‍ അരങ്ങേറുന്ന സംഘ്പരിവാര്‍ ഭീകരത ആഗോള തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ക്കിടയാക്കിക്കൊണ്ടിരിക്കുന്നു. ലോക രാജ്യങ്ങളും ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത്തരം കാപട്യവും ഇരട്ടത്താപ്പും അവസാനിപ്പിച്ചു ഭീകരതയെ മുഖം നോക്കാതെ എതിര്‍ക്കാനും പ്രതിരോധിക്കാനും മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ഫലപ്രദമായി തടയാനാകുകയുള്ളൂ.