Connect with us

National

ചെറുതും വലുതുമായ രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി : ഇന്ത്യയിലെ ചെറുതും വലുതുമായ രണ്ടു ലക്ഷത്തിലധികം കമ്പനികളുടെ റജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്കു റദ്ദാക്കി. കമ്പനി പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങളും മറ്റു നിബന്ധനകളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2.09 ലക്ഷം (2,09,032) കമ്പനികളുടെ റജിസ്‌ട്രേഷനാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു.

പേരില്‍മാത്രം പ്രവര്‍ത്തിച്ചു ഹവാല പണമിടപാടും നിയമവിരുദ്ധ വിദേശനാണയ കൈമാറ്റവും നടത്തുന്ന കടലാസ് കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമാണ് റജിസ്‌ട്രേഷന്‍ റദ്ദാക്കിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ സാമ്പത്തിക തട്ടിപ്പു നടത്തുന്നവയെന്നു സംശയിക്കുന്ന കമ്പനികളുടെ റജിസ്‌ട്രേഷനാണ് റദ്ദാക്കിയത്. റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനു മുന്നോടിയായി ഈ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല.

റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കമ്പനികളുടെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പട്ട കമ്പനികള്‍ നിയമാനുസൃതമായി വീണ്ടും റജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. അതിനുശേഷം മാത്രമെ ഇവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ തുടരാനാകൂ.

റജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട കമ്പനികളുടെ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും അടിയന്തരമായി മരവിപ്പിക്കാന്‍ കേന്ദ്ര ധനകാര്യ വകുപ്പ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ മുഖേന ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇത്തരം കമ്പനികളുമായുള്ള സാമ്പത്തിക ഇടപാടിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്താനും കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു