ഹജ്ജ് അന്തിമ ഘട്ടത്തിലേക്ക്

Posted on: September 3, 2017 12:53 am | Last updated: September 3, 2017 at 12:53 am

മിന: ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. തക്ബീറുകള്‍ മുഴക്കി അയ്യാമുത്തശ് രീഖിന്റെ വിശുദ്ധ രാപകലുകളില്‍ ഹാജിമാര്‍ ജംറത്തുല്‍ ഊലയിലും ജംറത്തുല്‍ വുസ്ഥ്വയിലും ജംറത്തുല്‍ അഖബയിലും ഏഴ് വീതം കല്ലേറുകള്‍ നടത്തി.
മിനാ വിടുന്നവര്‍ക്ക് ഇന്ന് ജംറകളില്‍ എറിഞ്ഞ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിക്കാമെങ്കിലും ഭൂരിഭാഗം പേരും നാളത്തെ കല്ലേറ് കൂടെ നിര്‍വഹിച്ചാണ് മിനായില്‍ നിന്ന് മടങ്ങുക. മക്കാ ഗവര്‍ണറുടെ കര്‍ശന നിര്‍ദേശമുള്ളത് കൊണ്ട് ആഭ്യന്തര തീര്‍ഥാടകര്‍ ഇന്ന് കൂടി മിനായില്‍ തങ്ങും. ഹറമിലെ തിരക്ക് ഒഴിവാക്കാനായി ആഭ്യന്തര ഹാജിമാര്‍ ദുല്‍ ഹിജ്ജ 13ന് മാത്രമേ മിനായില്‍ നിന്ന് പോകാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്.

മിനായില്‍ നിന്ന് നാളെ തിരിക്കുന്ന ഹാജിമാര്‍ ഹറമിന് ചുറ്റുമുള്ള തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങും. നേരത്തെ പുണ്യഭൂമിയിലെത്തിയ വിദേശികളും ആഭ്യന്തര തീര്‍ഥാടകരും സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തും. ഉംറയും വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ച് അവര്‍ വിശുദ്ധ ഭൂമിയോട് വിടപറയും. മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ അവിടേ ക്കുള്ള പ്രയാണം ആരംഭിക്കും.
ഇരു ഹറമുകള്‍ക്കും തീര്‍ഥാടകര്‍ക്കും സേവനം നല്‍കാന്‍ അവസരം ലഭിച്ചത് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹമാണെന്നും വരും വര്‍ഷങ്ങളില്‍ അല്ലാഹുവിന്റെ അതിഥികളായ ഹാജിമാര്‍ക്ക് കൂടുതല്‍ സേവനം നല്‍കാന്‍ എല്ലാ സജ്ജീകരണങ്ങളും നടത്തുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. മിനായിലെ കൊട്ടാരത്തില്‍ രാജാവ് നടത്തിയ ഉന്നതതല സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഊദി അറേബ്യ ലോക മുസ്‌ലിംകളുടെ പ്രതിനിധി സ്ഥാനം അലങ്കരിക്കുന്ന രാജ്യമാണെന്ന് പറഞ്ഞ രാജാവ് ലോക മുസ്‌ലിം പുരോഗതിക്കും ലോക സമാധാനത്തിനും ആവശ്യമായ എല്ലാ നടപടികള്‍ക്കും പരിശ്രമവും നേതൃത്വവും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. എല്ലാ ഹാജിമാര്‍ക്കും സ്വീകാര്യമായ ഹജ്ജും സുരക്ഷിതമായ മടക്കവും രാജാവ് ആശംസിച്ചു.