Connect with us

International

നാസയുടെ തലപ്പത്ത് യോഗ്യത ഇല്ലാത്തയാളെ നിയമിക്കാന്‍ ട്രംപ് നീക്കം

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ തലവനായി മുന്‍ നാവികസേനാ പൈലറ്റും റിപ്പബ്ലിക്കന്‍ അംഗവുമായ ജെയിംസ് ബ്രിഡന്‍സ്റ്റിനെ നിയമിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ട്രംപിന് വേണ്ടി രംഗത്തിറങ്ങിയവരില്‍ പ്രധാനിയാണ് 42കാരനായ ബ്രിഡന്‍സ്റ്റിന്‍. എന്നാല്‍, ഇദ്ദേഹത്തെ നാസയുടെ മേധാവിയാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉയര്‍ന്ന സാങ്കേതിക സ്ഥാപനത്തെ നയിക്കാനുള്ള യോഗ്യത ബ്രിഡന്‍സ്റ്റിനില്ലെന്ന് രണ്ട് യു എസ് സെനറ്റര്‍മാര്‍ ഉന്നയിച്ചു കഴിഞ്ഞു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധരംഗത്ത് പൈലറ്റായി പ്രവര്‍ത്തിച്ച അനുഭവമാണ് ബ്രിഡന്‍സ്റ്റിനുള്ളത്. മധ്യ- തെക്കേ അമേരിക്കയില്‍ നാവിക സേനയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ മേധാവിയാകേണ്ടത് രാഷ്ട്രീയക്കാരനല്ലെന്ന് നാസയുമായി ബന്ധപ്പെട്ട സമിതിയിലെ അംഗമായ ഡെമോക്രാറ്റ് സെനറ്റര്‍ ബില്‍ നെല്‍സണ്‍ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കനായ മറ്റൊരു സെനറ്റര്‍ മാക്രോ റൂബിയോയും സമാനമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ബ്രിഡന്‍സ്റ്റിനെ നിയമിക്കുകയാണെങ്കില്‍ അത് നാസയുടെ വിനാശമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2012ല്‍ ഓക്ലഹോമയില്‍ നിന്ന് യു എസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രിഡന്‍സ്റ്റിന്‍, ഹൗസ് ആര്‍മ്ഡ് സര്‍വീസ് കമ്മിറ്റി, ശാസ്ത്ര- ബഹിരാകാശ- സാങ്കേതിക സമിതി എന്നിവയില്‍ അംഗമാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യവത്കരണം കൊണ്ടുവരണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം.

എല്ലാ തരത്തിലുമുള്ള ബഹിരാകാശ പര്യവേക്ഷണവും ബഹിരാകാശത്ത് നിന്നുള്ള ഭൗമനിരീക്ഷണവും ഉള്‍പ്പെടെയുള്ള എയറോസ്‌പേസ് സങ്കല്‍പ്പങ്ങളുടെ വികസനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് നാസ. 2030ഓടെ ചൊവ്വയിലേക്ക് ബഹിരാകാശ സഞ്ചാരിയെ എത്തിക്കുന്നതിനുള്ള ലോഞ്ചറും ക്യാപ്‌സ്യൂളും വികസിപ്പിക്കുന്നതിന്റെ പരിശ്രമത്തിലാണ് ഇപ്പോള്‍ നാസ. നാസയുടെ 2018ലെ ബജറ്റ് 19 ബില്യണ്‍ ഡോളറില്‍ കൂടുതലാണ്.