800 എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് പൂട്ട് വീഴുന്നു

    Posted on: September 3, 2017 8:10 am | Last updated: September 3, 2017 at 12:14 am

    ബെംഗളൂരു: രാജ്യത്തെ എണ്ണൂറ് എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാനുള്ള അനുമതി തേടി കോളജ് മാനേജ്‌മെന്റുകള്‍ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന് (എ ഐ സി ടി ഇ) അപേക്ഷ സമര്‍പ്പിച്ചു. അടച്ചുപൂട്ടാനുള്ള അനുമതി തേടിയെത്തിയ കോളജുകളില്‍ ഭൂരിഭാഗവും കര്‍ണാടകയിലാണ്. അറുനൂറ് കോളജുകളാണ് കര്‍ണാടകയില്‍ നിന്ന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കോളജുകളുടെ നിലവാരമില്ലായ്മയും അടച്ചുപൂട്ടുന്നതിന് കാരണമാണ്. ചെയര്‍മാന്‍ അനില്‍ ദത്താത്രേയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
    എ ഐ സി ടി ഇയുടെ ശക്തമായ നിയമങ്ങള്‍ കാരണം 150 കോളജുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ പൂട്ടുന്നുണ്ട്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനം കുറവുവന്നാല്‍ അടച്ചുപൂട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകും. സാധാരണഗതിയില്‍ സമീപത്തുള്ള എന്‍ജിനീയറിംഗ് കോളജുകളുമായി ലയിപ്പിക്കാനാണ് എ ഐ സി ടി ഇ മുന്‍ഗണന നല്‍കുക. വിശദമായ പഠനങ്ങള്‍ക്ക് ശേഷമാകും അടച്ചുപൂട്ടണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കുക.

    അപേക്ഷ നല്‍കിയിട്ടുള്ള കോളജുകള്‍ക്ക് മുന്നില്‍ ലയനമെന്ന നിര്‍ദേശം എ ഐ സി ടി ഇ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതാണ് അവര്‍ സ്വീകരിക്കുന്നതെങ്കില്‍ തീരുമാനം അടുത്ത അധ്യയനവര്‍ഷത്തില്‍ നടപ്പിലാക്കും. രാജ്യത്തെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായാണ് കോളജുകളെ ലയിപ്പിക്കുന്നത്. നിലവില്‍ 10,361 എന്‍ജിനീയറിംഗ് കോളജുകളാണുള്ളത്. ഇതില്‍ കൂടുതലും മഹാരാഷ്ട്ര (1,500) തമിഴ്‌നാട് (1,300), ഉത്തര്‍പ്രദേശ് (1,165), ആന്ധ്രാപ്രദേശ് ( 800) എന്നീ സംസ്ഥാനങ്ങളിലാണ്. 37 ലക്ഷം എന്‍ജിനീയറിംഗ് സീറ്റുകളുള്ളതില്‍ 27 ലക്ഷം സീറ്റുകളും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്‍ജിനീയറിംഗ് പഠനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് കോളജുകളെ പ്രതിസന്ധിയിലാക്കിയത്. 2014-15 മുതല്‍ 2017-18 വരെ 410 കോളജുകളാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ അടച്ചുപൂട്ടിയത്. 2014-15ല്‍ 77 കോളജുകളായിരുന്നു അടച്ചുപൂട്ടിയത്. 2015-16ല്‍ 125 കോളജുകളും 2016-17ല്‍ 149ഉം 2017-18ല്‍ 65ഉം കോളജുകളാണ് പൂട്ടിയത്. ഇവയില്‍ ഇരുപതെണ്ണം കര്‍ണാടകയിലായിരുന്നു. കര്‍ണാടകക്ക് പുറമെ തെലങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോളജുകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നിര്‍ത്തലാക്കുന്ന കോളജുകള്‍ക്ക് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയാതെ വരും. പ്രവേശനം നല്‍കിയിട്ടുള്ള വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാകും വരെ തുടരും.