ലോക്കി എന്ന പേരിൽ പുതിയ റാൻസംവെയർ പ്രചരിക്കുന്നതായി കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Posted on: September 2, 2017 11:38 pm | Last updated: September 2, 2017 at 11:41 pm

ന്യൂഡൽഹി: കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യുന്ന പുതിയ റാൻസംവെയർ വിഭാഗത്തിൽപ്പെട്ട മാൽവെയർ പ്രചരിക്കുന്നതായി കേന്ദ്രഗവൺമെന്റ് മുന്നറിയിപ്പ് നൽകി. ലോക്കി എന്ന പേരിലുള്ള മാൽവെയർ ആണ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിക്കുന്നത്.  ഇ മെയിൽ അറ്റാച്ച്മെൻറുകൾ വഴിയാണ് ഈ മാൽവെയർ പ്രചരിപ്പിക്കപ്പെടുന്നത്. ലോക്കി റാൻസംവെയർ അടങ്ങിയ 2.3 കോടി  ഇ മെയിൽ സന്ദേശങ്ങൾ ഇതിനകം അയക്കപ്പെട്ടതായി സർക്കാർ മുന്നറിയിപ്പ് നൽകി.

പ്ലീസ് പ്രിന്റ്, ഡോക്യുമെന്റ്സ്, ഫോട്ടോ, ഇമേജസ്, സ്കാൻസ് തുടങ്ങിയ സബ്ജക്റ്റ് ലൈനോട് കൂടിയാണ് റാൻസംവെയർ സന്ദേശങ്ങൾ മെയിലിൽ എത്തുക. ഈ സന്ദേശങ്ങൾക്ക് ഒപ്പമുള്ള സിപ്പ് അറ്റാച്ച്മെൻറുകൾ തുറക്കുന്നതോടെ മാൽവെയർ കമ്പ്യൂട്ടറിൽ കയറുകയും ഉടനടി കമ്പ്യൂട്ടർ ലോക്ക് ചെയ്യപ്പെടുകയും ചെയ്യും. പിന്നീട് ലോക്ക് തുറക്കണമെങ്കിൽ ഒന്നര ലക്ഷം ഇന്ത്യൻ രൂപ മൂല്യമുള്ള  അര ബിറ്റ്കോയിൻ നൽകണമെന്ന് ഹാക്കർമാർ ആവശ്യപ്പെടും.
നേരത്തെ വാണാ ക്രൈ എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട റാൻസംവെയർ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലെ ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകളെ ബാധിച്ചിരുന്നു.