Connect with us

Kerala

ഹാദിയയെപോലെ ആഇശയും തടങ്കലില്‍; പോലീസ് നടപടിക്കെതിരെ വിമര്‍ശം

Published

|

Last Updated

കാസര്‍കോട്: വൈക്കം സ്വദേശിനിയായ ഹാദിയയെ പോലെ കാസര്‍കോട്ടെ ആഇശയും നേരിടുന്നത് കടുത്ത മനുഷ്യാവകാശലംഘനം. വൈക്കത്തെ അഖില ഇസ്‌ലാംമതം സ്വീകരിച്ച് ഹാദിയ എന്ന പേരില്‍ വിവാഹിതയായെങ്കിലും കോടതി ഇടപെടലിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകാനാ വാതെ വീട്ടുതടങ്കലില്‍ കഴിയുകയാണ്. ഇതിന് സമാനമായ അനുഭവമാണ് കാസര്‍കോട് ഉദുമ കരിപ്പോടി കണിയാംപാടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ആഇശക്കുമുണ്ടായിരിക്കുന്നത്. ഹാദിയ വീട്ടുകാരുടെ തടവിലാണെങ്കില്‍ ആഇശയെ പുറത്തുള്ള കേന്ദ്രത്തില്‍ കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
കണിയാംപാടിയിലെ രവീന്ദ്രന്റെ മകളായ ആതിരയാണ് സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ചത്. മതപഠനത്തിന് പോകുന്നുവെന്ന് കത്തെഴുതിവെച്ച ശേഷം ആതിര ജൂലായ് 10നാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിതാവിന്റെ പരാതിയില്‍ കേസെടുത്ത ബേക്കല്‍ പോലീസ് ജൂലായ് 28ന് ആതിരയെ കണ്ണൂരില്‍ കണ്ടെത്തുകയും രാത്രി മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതപഠനത്തിന് പോയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇരിട്ടിയിലെ കൂട്ടുകാരിക്കൊപ്പമാണ് ഇത്രയും നാള്‍ കഴിഞ്ഞതെന്നും ഇസ്‌ലാംമതത്തില്‍ ചേര്‍ന്ന് ആഇശ എന്ന പേര് സ്വീകരിച്ചുവെന്നും ആതിര മജിസ്‌ട്രേട്ട് മുമ്പാകെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന ആഇശയെ കോടതി നിര്‍ദേശപ്രകാരം പരവനടുക്കം മഹിളാമന്ദിരത്തിലാണ് പാര്‍പ്പിച്ചത്.
പിന്നീട് കോടതിയില്‍ ഹാജരാക്കപ്പെട്ട ആഇശ മതനിഷ്ഠയോടെ ജീവിക്കാന്‍ അനുവദിക്കുമെങ്കില്‍ വീട്ടുകാര്‍ക്കൊപ്പം പോകാമെന്ന് സമ്മതിക്കുകയും ചെയ്തു. ആഇശക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്ന് രേഖാമൂലമുള്ള ഉറപ്പ് ആഇശയുടെ മാതാപിതാക്കള്‍ കോടതിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സ്വന്തം വീട്ടിലെത്തിയ ആഇശയെ നാടകീയമായി ഇവിടെ നിന്നും ചില സംഘങ്ങള്‍ മാതാപിതാക്കളെ സ്വാധീനിച്ച് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. തൃശൂരില്‍ ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലുള്ള മാനസാന്തരകേന്ദ്രത്തില്‍ ആഇശ കഴിയുകയാണെന്നാണ് ഇപ്പോഴത്തെ വിവരം. ആഇശയെ വീട്ടില്‍ കൊണ്ടുവിട്ടതിനുശേഷമുള്ള അവസ്ഥയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണമൊന്നും ഇപ്പോള്‍ നടക്കുന്നില്ല. അതേസമയം ആഇശ മാനസാന്തരകേന്ദ്രത്തിലുള്ള കാര്യം പോലീസിനുമറിയാം. ഇതിനുപിന്നിലെ താത്പര്യവും ഗൂഢോദ്ദേശവും എന്താണെന്നന്വേഷിക്കാന്‍ പോലീസ് തയ്യാറാകാത്തത് വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നുണ്ട്. വീട്ടുകാരുടെ ഒത്താശയോടെയാണ് ബാഹ്യശക്തികള്‍ ആഇശയുടെ സമ്മതമില്ലാതെ ബലമായി പുറത്തേക്ക് കടത്തിയിരിക്കുന്നത്. ആഇശക്ക് എന്തുസംഭവിച്ചുവെന്ന് കണ്ടെത്താന്‍ മനുഷ്യാവകാശപ്രവര്‍ത്തകരും മഹിളാസംഘടനകളും മുന്നിട്ടിറങ്ങാത്തതും വിമര്‍ശിക്കപ്പെടുന്നു.