Connect with us

International

മിസൈലുകള്‍ കാണിച്ച് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

Published

|

Last Updated

പ്യോംഗ്‌യാംഗ്: അമേരിക്കയുമായുള്ള നയതന്ത്ര യുദ്ധം ശക്തമായിക്കൊണ്ടിരിക്കെ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കി ഉത്തര കൊറിയ. അമേരിക്കക്കെതിരെ ആക്രമണം നടത്തുമെന്ന ഭീഷണി ഉയര്‍ത്തുമ്പോഴാണ് മിസൈല്‍ സംവിധാനങ്ങളുടെ വിവരങ്ങള്‍ ഉത്തര കൊറിയ പുറത്തുവിടുന്നത്.

ആയുധ, മിസൈല്‍ ഫാക്ടറികളിലേക്ക് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളിലാണ് മിസൈലുകളുടെ വിവരങ്ങള്‍ വ്യക്തമായി കാണിച്ചത്. ഭരണാധികാരിയുടെ സന്ദര്‍ശനം പകര്‍ത്തുന്നതിന്റെ ഇടയില്‍ അബദ്ധത്തില്‍ പകര്‍ത്തിയതെന്ന രീതിയിലാണ് ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ പുറത്തുവിട്ടത്. ബാലിസ്റ്റിക് മിസൈലുകളായ ഹാവസംഗ് 13ന്റെയും പുക്യുക്‌സംഗ് 3ന്റെയും വിവരങ്ങളടങ്ങിയ ചാര്‍ട്ടുകളുമാണ് പുറത്തായിരിക്കുന്നത്.
മിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി തന്നെ ചാര്‍ട്ടില്‍ കാണുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയെയും ദക്ഷിണ കൊറിയയേയും ഭീതിപ്പെടുത്താനും യു എസ് സഖ്യങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാനുമാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതാദ്യമല്ല ഇത്തരത്തില്‍ ചിത്രങ്ങള്‍ “അബദ്ധ”ത്തില്‍ ഉത്തര കൊറിയ പുറത്തുവിടുന്നത്.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച ഉപരോധമാണ് ഉത്തര കൊറിയയയെ പ്രതിസന്ധിയിലാക്കിയത്. യു എസ് ഉപരോധം യു എന്‍ രക്ഷാസമിതി അംഗീകരിച്ചതോടെ ഉത്തര കൊറിയ സാമ്പത്തികമായി തളര്‍ന്നു. ചൈനയടക്കമുള്ള ഉത്തര കൊറിയയുടെ പ്രധാന സാമ്പത്തിക സഖ്യരാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തി. പല ഉത്തര കൊറിയന്‍ കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
സാമ്പത്തിക ഉപരോധവുമായി യു എന്‍ മുന്നോട്ടുപോയതോടെ അമേരിക്കക്കെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഉത്തര കൊറിയന്‍ ഭീഷണി വന്നു. അമേരിക്കയുടെ ഭരണപ്രദേശമായ ഗുവാം ആക്രമിക്കുമെന്നായിരുന്നു ഉത്തര കൊറിയന്‍ ഭീഷണി.
അതിനിടെ, ഉത്തര കൊറിയയെ പ്രതിരോധിക്കാനായി അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളെ മറികടക്കാനുള്ള പരിശീലനം നല്‍കിയും ദക്ഷിണ കൊറിയന്‍ അധികൃതര്‍ രംഗത്തെത്തി. ആണവ ആക്രമണങ്ങളെ നേരിടേണ്ടതിനെ കുറിച്ചുള്ള പരിശീലനമാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയത്.

ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയുടെ ചിത്രങ്ങള്‍ അമേരിക്കയേയും സഖ്യരാജ്യങ്ങളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഉത്തര കൊറിയന്‍ ആണവകേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അയല്‍രാജ്യമായ ദക്ഷിണ കൊറിയയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest