Connect with us

Gulf

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി എമിറേറ്റുകളൊരുങ്ങി

Published

|

Last Updated

ദുബൈ: ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി യു എ ഇയുടെ വിവിധ എമിറേറ്റുകള്‍ ആഘോഷ പരിപാടികള്‍ക്കായി ഒരുങ്ങി. പ്രധാന നഗരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ആഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണം. അബുദാബി യാസ് ഐലാന്‍ഡിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കുന്നത്. ഒന്നാം പെരുന്നാള്‍ ദിനത്തില്‍ രാത്രി ഒമ്പതിന് യാസ് ഐലന്‍ഡില്‍ നിന്ന് അബുദാബിയുടെ ആകാശത്തെ വര്‍ണാഭമാക്കുന്ന കരിമരുന്നു പ്രയോഗം അരങ്ങേറും.

ദുബൈ: ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ പെരുന്നാള്‍ ദിനം രാത്രി ഒമ്പതിനും 11നും സംഗീതത്തിന്റെ അകമ്പടിയോടെ കരിമരുന്ന് പ്രയോഗങ്ങള്‍ ഉണ്ടാകും. കരിമരുന്ന് പ്രയോഗങ്ങള്‍ വീക്ഷിക്കാന്‍ കൂടുതല്‍ കാണികള്‍ എത്തുന്നതോടെ ഗതാഗത സ്തംഭനത്തിന് സാധ്യതയുള്ളതിനാല്‍ കുടുംബങ്ങളടങ്ങിയ ആസ്വാദകര്‍ നേരത്തെ പ്രദര്‍ശന സ്ഥലത്തേക്ക് എത്തിച്ചേരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദുബൈ ബീച്ച് റെസിഡന്‍സ് ഭാഗത്തു ആഗസ്റ്റ് 31 മുതല്‍ നാല് ദിവസങ്ങളില്‍ രാത്രി 8.45ന് കരിമരുന്ന് പ്രയോഗങ്ങള്‍ ആസ്വാദകര്‍ക്ക് വീക്ഷിക്കാം. സെപ്തംബര്‍ മൂന്ന് വരെ കരിമരുന്ന് പ്രയോഗങ്ങള്‍ നീണ്ടുനില്‍ക്കും.
ഷാര്‍ജ: ഷാര്‍ജയിലെ വിഖ്യാതമായ അല്‍ ഖസ്ബ മേഖലയില്‍ സെപ്തംബര്‍ ഒന്നിന് രാത്രി 10 മണിക്ക് കരിമരുന്ന് പ്രയോഗം അരങ്ങേറും.

കുടുംബങ്ങള്‍ക്കായി വ്യത്യസ്ത കലാവിരുന്നുകളാണ് ഖസ്ബയില്‍ ഒരുക്കിയിട്ടുള്ളത്. ലോകോത്തര സവിശേഷ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണ ശാലകള്‍ പെരുന്നാള്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന വിവിധ സാംസ്‌കാരിക പരിപാടികളും പെരുന്നാള്‍ ദിനങ്ങളില്‍ അല്‍ ഖസ്ബയില്‍ ഒരുക്കിയിട്ടുണ്ട്.

 

Latest