മഅ്ദനി ബെംഗളൂരുവില്‍ തിരിച്ചെത്തി

Posted on: August 21, 2017 9:24 am | Last updated: August 21, 2017 at 11:37 am

ബെംഗളൂരു: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനും രോഗബാധിതരായ മാതാപിതാക്കളെ കാണാനും കേരളത്തിലേക്ക് പോയ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ബെംഗളൂരുവില്‍ തിരിച്ചെത്തി. കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മഅ്ദനി ബെംഗളൂരുവില്‍ എത്തിയത്. മടക്കയാത്ര വേദന ഉണ്ടാക്കുന്നതാണെന്ന് മഅ്ദനി പ്രതികരിച്ചു. വിചാരണകോടതിയിലും സുപ്രീം കോടതിയിലുമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ആഗസ്റ്റ് ആറിനാണ് മഅ്ദനി കേരളത്തിലെത്തിയത്.

ആഗസ്റ്റ് ആറ് മുതല്‍ 19 വരെ കേരളത്തില്‍ തങ്ങാനായിരുന്നു സുപ്രീം കോടതി നല്‍കിയ അനുമതി. കേരളത്തില്‍ തനിക്ക് ലഭിച്ച പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നതായി അദ്ദേഹം പ്രതികരിച്ചു.

അടുത്ത വരവില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. വിചാരണ ഇനിയും വൈകിയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മഅ്ദനി പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ മടങ്ങിയ മഅ്ദനിക്കൊപ്പം കര്‍ണാടക പോലീസിലെ സി ഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍, ഇളയ മകന്‍ സലാഹുദീന്‍, തുടങ്ങിയവരും ഉണ്ടായിരുന്നു. മൂത്തമകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണാനുമായി കേരളത്തിലെത്തിയ മഅ്ദനിക്ക് വന്‍ സുരക്ഷയാണ് കേരള പോലീസും കര്‍ണാടക പോലീസും ഒരുക്കിയത്.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി കേരളത്തിലെത്തിയത്. സുരക്ഷാച്ചെലവ് താങ്ങാനാവാത്തതിനാല്‍ കേരളത്തിലേക്കു തല്‍ക്കാലം വരുന്നില്ലെന്നു മഅ്ദനി തുടക്കത്തില്‍ അറിയിച്ചിരുന്നു.

സുരക്ഷയ്ക്ക് 15 ലക്ഷം രൂപ നല്‍കണമെന്നു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് യാത്ര നീണ്ടുപോയത്. എ സി പി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉള്‍പ്പെടെ വഹിക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅ്ദനിയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും യാത്രാ ചെലവ് ഒരു ലക്ഷം രൂപയാക്കി കുറയ്ക്കുകയുമായിരുന്നു.
സുരക്ഷാ ചെലവായി 15 ലക്ഷം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതിയെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.