Connect with us

International

അമേരിക്കയില്‍ ഫാസിസ്റ്റ്‌വിരുദ്ധ പ്രകടനത്തിന് നേരെ ആക്രമണം

Published

|

Last Updated

വിര്‍ജിനിയയില്‍ നടന്ന ഫാസിസ്റ്റ്‌വിരുദ്ധ റാലിക്കിടയിലൂടെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറ്റുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഫാസിസ്റ്റ്‌വിരുദ്ധ പ്രതിഷേധ പ്രകടനത്തിന് നേരെ കാര്‍ ഇടിച്ചു കയറ്റി തീവ്രവലതുപക്ഷ വിഭാഗത്തിന്റെ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു.

ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമാണ്. വിര്‍ജിനിയയില്‍ ചാര്‍ലോട്ടെസ്‌വില്ലെയിലാണ് സംഭവം നടന്നത്. വാഹനം ഓടിച്ച 20കാരനായ ഒഹ്യോ വംശജന്‍ ജെയിംസ് ഫീല്‍ഡ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്രൂരമായ കൊലപാതകവും തീവ്രവലതുപക്ഷ സംഘടനകളിലെ അംഗങ്ങളുടെ താണ്ഡവുമാണ് തെരുവില്‍ അരങ്ങേറിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പ്രക്ഷോഭകര്‍ക്കിടയിലേക്ക് കുതിച്ചെത്തിയ കാര്‍ മുന്നോട്ടും പിന്നോട്ടുമെടുത്ത് ജനങ്ങള്‍ക്ക് മുകളിലൂടെ കയറ്റിയിറക്കിയതായി ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അക്രമിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല. വിര്‍ജിനിയ സംഭവത്തില്‍ ഫാസിസ്റ്റ് സംഘടനകളെ ന്യായീകരിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന വിവാദമായി. ആഭ്യന്തര തീവ്രവാദ ആക്രമണമെന്ന് വിശേഷിപ്പിച്ച സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ട്രംപിന്റെ നിലപാടിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

വിര്‍ജിനിയ യൂനിവേഴ്‌സിറ്റിയിലെ കോണ്‍ഫ്രഡറേറ്റ് ജനറല്‍ റോബര്‍ട്ട് ഇലിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പ്രാദേശി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഫാസിസ്റ്റ് പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ വ്യാപകമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. നിയോ നാസി, കു ക്ലക്‌സ് ക്ലാന്‍ തുടങ്ങിയ തീവ്രവലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം. അക്രമാസക്തമായ പ്രക്ഷോഭത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ വെള്ളക്കാര്‍ ആക്രമണം നടത്തി. ഇരുവരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഫാസിസ്റ്റ്‌വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വണ്ടി ഇടിച്ചുകയറ്റിയുള്ള ആക്രമണം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരെ ഇടിച്ചു തെറുപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ പലരും പറന്നു വീണതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തെ കുറിച്ച് എഫ് ബി ഐ അന്വേഷണം ആരംഭിച്ചു.
അതേസമയം, ഫാസിസ്റ്റുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയവരെ കുറ്റപ്പെടുത്തികൊണ്ട് ട്രംപ് നടത്തിയ പ്രസ്താവന വന്‍ പ്രതിഷേധത്തിന് കാരണമായി. അക്രമികളെ ന്യായീകരിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ സെനറ്റര്‍മാര്‍ രംഗത്തെത്തി. ഫാസിസ്റ്റ് അനുകൂല നിലപാട് നേരത്തെ തന്നെ വെളിപ്പെടുത്തിയ വ്യക്തിയാണ് ട്രംപ്.