ഇന്ത്യയടക്കം 80 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസയില്ലാതെ ഖത്വര്‍ സന്ദര്‍ശിക്കാം

  • ഒരുമാസം കൂടി താമസം നീട്ടാനുള്ള സൗകര്യവും വിസയിലുണ്ടാകും.
Posted on: August 9, 2017 5:45 pm | Last updated: August 9, 2017 at 7:47 pm
SHARE

ദോഹ: ഇന്ത്യക്കാര്‍ക്ക് ഖത്വറില്‍ ഇനി വിസയില്ലാതെ പ്രവേശിക്കാം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റുമുണ്ടെങ്കില്‍ ഖത്വറിലേക്ക് ഇന്ത്യക്കാര്‍ക്കും പ്രവേശനാനുമതി ലഭിക്കും. ഇതോടെ ഇന്ത്യയടക്കം 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഖത്വറിലേക്ക് വിസയില്ലാതെ പ്രവേശിക്കാം.

ഖത്വര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേകം വിസക്ക് വേണ്ടി അപേക്ഷിക്കുകയോ പണം മുടക്കുകയോ വേണ്ടിവരില്ല. സന്ദര്‍ശകരുടെ പൗരത്വമനുസരിച്ചായിരിക്കും ഇതുപ്രകാരം രാജ്യത്ത് തങ്ങാന്‍ കഴിയുന്ന കാലയളവ്. പൗരത്വമനുസരിച്ച് 180 ദിവസം അല്ലെങ്കില്‍ 90 ദിവസം അല്ലെങ്കില്‍ 30 ദിവസം എന്നിങ്ങനെയാണ് അനുസരിച്ച് താമസാനുമതി ലഭിക്കുക. അധികമായി 30 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനുള്ള അവസരവുമുണ്ടാകും.

കഴിഞ്ഞ നവംബറില്‍ ഫ്രീ ട്രാന്‍സിറ്റ് വിസ ഖത്വര്‍ അവതരിപ്പിച്ചിരുന്നു. ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ ദോഹയില്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ ട്രാന്‍സിറ്റ് ഉള്ളവരാണെങ്കില്‍ 96 മണിക്കൂര്‍ (നാല് ദിവസം) വരെ രാജ്യത്ത് തങ്ങാനുള്ള അനുമതി നല്‍കുന്നതായിരുന്നു ഇത്. ഇങ്ങനെ ദോഹയില്‍ തങ്ങുന്നവര്‍ക്ക് ഫൈവ്, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഒരു ദിവസം രാത്രി സൗജന്യ താമസവും ലഭിക്കുന്ന പദ്ധതി കഴിഞ്ഞ മെയ് മാസം അവതരിപ്പിച്ചിരുന്നു.