സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Posted on: August 7, 2017 12:00 am | Last updated: August 7, 2017 at 12:00 am

തിരുവനന്തപുരം: മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ പോലീസ് മുന്‍ മേധാവി ടി പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സെന്‍കുമാറിനെ ജാമ്യത്തില്‍ വിട്ടത്. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ജൂലൈ 29നാണ് സൈബര്‍ സെല്‍ മുമ്പാകെ സെന്‍കുമാര്‍ ഹാജരായത്. രണ്ട് ജാമ്യക്കാരെ ഹാജരാക്കിയ ശേഷം 50,000 രൂപയുടെ ജാമ്യത്തിലാണ് സെന്‍കുമാറിനെ വിട്ടയച്ചത്. അഭിമുഖം സംബന്ധിച്ച രേഖകള്‍ വാരിക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ സംഘം ഈ രേഖകള്‍ കോടതിയില്‍ നിന്ന് സ്വീകരിക്കും.

ടി പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. അഭിമുഖം പ്രസിദ്ധീകരിച്ചതിന് വാരികക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.