കോഴിക്കോട് താമരശ്ശേരിക്ക് സമീപം ബസും ജീപ്പും കാറും കൂട്ടിയിടിച്ച് ആറ് മരണം

Posted on: August 5, 2017 4:17 pm | Last updated: August 6, 2017 at 11:35 am

കോഴിക്കോട്: കോഴിക്കോട് – മൈസൂര്‍ ദേശീയ പാതയില്‍ താമരശ്ശേരി അടിവാരം കെെതപ്പൊയിലിൽ ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു ഇവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. കൊടുവള്ളി കരുവൻപൊയിൽ‍ വടക്കേക്കര ഷാജഹാന്റെ മകൻ‍ മുഹമ്മദ് നിഷാൻ (എട്ട്), ഷാജഹാന്റെ മാതാവ് സുബൈദ (55), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവഞ്ചാല്‍ സ്വദേശി വിസി പ്രമോദ്, ജിഷ, എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന രാജഹംസ എന്ന സ്വകാര്യ ബസ് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നിലുള്ള കാറും അതിന് പിന്നിലുള്ള ബസും ഇടിച്ചുകയറി. ജീപ്പ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് മുഴുവന്‍ പേരെയും പുറത്തിറക്കിയത്. താരമശ്ശേരി ചുങ്കം മുതല്‍ അടിവാരം വരെ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവരില്‍ അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മൂന്ന് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.