Connect with us

Gulf

അബുദാബിയില്‍ ചൂട് കനത്തു; മത്സ്യവില കുത്തനെ ഉയര്‍ന്നു

Published

|

Last Updated

ദുബൈ ദേരയിലെ മത്സ്യ മാര്‍ക്കറ്റ്. ഫോട്ടോ: ബിന്‍ ഹസന്‍ ഇന്ത്യനൂര്‍.

അബുദാബി: ചൂട് കനത്തതോടെ മീന്‍വില മേലോട്ട്. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോവാത്തതും തണുപ്പുതേടി മീനുകള്‍ കൂട്ടമായി ആഴക്കടലിലേക്ക് ചേക്കേറുന്നതുമാണ് ലഭ്യത കുറയാനും വില കൂടാനും കാരണം. യു.എ.ഇ.യിലെ മത്സ്യ ഉപഭോക്താക്കളില്‍ പ്രധാനികളായ മലയാളികള്‍ക്ക് ഇത് തിരിച്ചടിയായി.

ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരും സ്വദേശികളും മത്സ്യം ഉപയോഗിക്കുന്നു. മാളുകളിലും ചെറിയ കടകളിലും മീന്‍വിലയില്‍ വര്‍ധനയുണ്ടായാലും അബുദാബി മീനയിലെ മത്സ്യമാര്‍ക്കറ്റിലും ദുബൈ ദേര മാര്‍ക്കറ്റിലും സാധാരണക്കാര്‍ക്ക് കൈപൊള്ളാത്ത വിലയിലാണ് മീനുകള്‍ ലഭിച്ചിരുന്നത്. എന്നാല്‍ ചൂടു കടുത്തതോടെ ഇവിടങ്ങളിലും മീനിന് തീവിലയാണ്.
മലയാളികളുടെ ഇഷ്ടമീനായ മത്തിക്ക് കിലോ അഞ്ച് ദിര്‍ഹമായിരുന്നത് എട്ട് മുതല്‍ 10 ദിര്‍ഹം വരെയായി. അയലയുടെ വില 15 ദിര്‍ഹമില്‍നിന്ന് 25 ആയി. കിലോ 40 ദിര്‍ഹമായിരുന്ന അയക്കൂറക്ക് 55-60 ആണ് വില. ആവോലി കിലോ 25ല്‍നിന്ന് 35 ആയി. കിളിമീന്‍ 15ല്‍നിന്ന് 25 ലേക്കും ചെമ്മീന്‍ 25ല്‍നിന്ന് 40ലേക്കും ഉയര്‍ന്നു.
മീന്‍ വിലയില്‍ കാര്യമായ മാറ്റമില്ലാത്തത് മലയാളികളുടെ പ്രിയപ്പെട്ട മീനുകളില്‍ ഒന്നായ നത്തോലിക്കാണ്. കിലോ 25 ദിര്‍ഹം തന്നെയാണ് നത്തോലിയുടെ വില. മീന്‍ വിലയെത്ര കൂടിയാലും അയലയും മത്തിയും വാങ്ങാന്‍ മലയാളികള്‍ മാര്‍ക്കറ്റിലെത്തുന്നുണ്ടെന്ന് മല്‍സ്യ വില്‍പനക്കാര്‍ പറയുന്നു.

മലയാളികള്‍ക്കുപുറമേ ഫിലിപ്പിനോകളാണ് വലിയ മീന്‍ പ്രേമികള്‍. വിലയെത്ര കൂടിയാലും മീന്‍ വാങ്ങാന്‍ തയ്യാറാണവര്‍. ദശകട്ടിയുള്ള മീനുകളും ചെമ്മീനും ഞണ്ടുമൊക്കെയാണ് ഫിലിപ്പിനോകളുടെ ഇഷ്ടയിനം. സ്വദേശികളുടെ ഇഷ്ടയിനങ്ങളായ ശേരിക്കും ഹമൂറിനും വില ഇരട്ടിയോളമായി. കിലോ 15 ദിര്‍ഹമായിരുന്ന ശേരിക്കിപ്പോള്‍ 30 ദിര്‍ഹമാണ് വില.
മീന്‍ വരവില്‍ കാര്യമായ കുറവുവന്നതോടെ മാര്‍ക്കറ്റ് ഉറങ്ങിയതു പോലെയാണ്. അബുദാബിയില്‍നിന്ന് 45 ബോട്ടുകളാണ് ദിനേന മീന്‍ പിടിക്കാന്‍ പോയിക്കൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ചൂട് കൂടിയതും മീന്‍ ഉള്‍വലിഞ്ഞതും കാരണം 15 ബോട്ടുകള്‍ മാത്രമാണ് കടലിലിറങ്ങുന്നത്.
ഇത് മത്സ്യവരവില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കാരണമായി. നോര്‍വേയില്‍നിന്നുള്ള സാല്‍മണ്‍ മത്സ്യവും തുര്‍ക്കിയില്‍നിന്നുള്ള മീനുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒമാനില്‍നിന്നുള്ള വലിയ മത്തിയാണ് മാര്‍ക്കറ്റിലുള്ളതെങ്കിലും വരവ് പകുതിയോളമായി കുറഞ്ഞിരിക്കുകയാണ്.
ചൂടുമാറി തണുപ്പുകാലം തുടങ്ങി നവംബര്‍ അവസാനത്തോടെയാണ് ഇനി വീണ്ടും മത്സ്യമാര്‍ക്കറ്റും മീന്‍പിടുത്തവും സജീവമാവുകയുള്ളൂവെന്ന് മിന മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു.
മിനയില്‍ മാര്‍ക്കറ്റിനോടുചേര്‍ന്ന് ആളുകളുടെ ഇഷ്ടത്തിനനുസരിച്ച് മീന്‍ ചൂടോടെ പാകംചെയ്ത് നല്‍കുന്ന കടകളിലും തിരക്കുകുറഞ്ഞു. ചൂട് തന്നെയാണ് മീന്‍ പ്രേമികളെ ഇവിടേക്ക് എത്തുന്നതില്‍നിന്ന് പിന്നോട്ടടിപ്പിക്കുന്ന ഘടകം. അബുദാബി നഗരത്തിലെ ചെറിയ ഹോട്ടലുകളിലും കഫ്റ്റീരിയകളിലും മീന്‍ വിഭവങ്ങളില്‍ പലതും മെനുവില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

മെനുവിലെ വിലക്ക് മീന്‍ വിഭവങ്ങള്‍ നല്‍കാന്‍ പറ്റാത്തതും കൂടിയ വില ചെറിയ കടക്കാര്‍ക്ക് ഈടാക്കാന്‍ പറ്റാത്തതുമായ സാഹചര്യത്തിലാണിത്.
അബുദാബി മിന മത്സ്യമാര്‍ക്കറ്റിലെ മീന്‍ലഭ്യതയിലെ കുറവ് പ്രവാസികളുടെ തീന്‍മേശയില്‍ മാത്രമല്ല പ്രതിഫലിക്കുക. മലപ്പുറം ജില്ലയിലെ നിരവധിവീടുകളിലും അതിന്റെ കുറവറിയും. കാരണം മിന മത്സ്യമാര്‍ക്കറ്റിലും ചുറ്റുമുള്ള സ്ഥാപനങ്ങളിലും ജോലി നോക്കുന്ന രണ്ടായിരത്തോളം ആളുകളില്‍ 95 ശതമാനവും മലയാളികളും അതില്‍ ഏറിയ പങ്കും മലപ്പുറം വേങ്ങരയില്‍നിന്നുള്ളവരുമാണ്.

Latest