ഏഴുമാസത്തിനിടെ ജില്ലയില്‍ പിടിയിലായത് 326 പിടികിട്ടാപ്പുള്ളികള്‍

Posted on: August 2, 2017 10:14 pm | Last updated: August 2, 2017 at 10:14 pm

കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെ 326 പിടികിട്ടാപ്പുള്ളികളെ പിടികൂടിയതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 31 വരെ ഏഴുമാസക്കാലയളവിലാണ് ഇത്രയും പിടികിട്ടാപ്പുള്ളികള്‍ പോലീസിന്റെ വലയിലായത്.
വിവിധ കേസുകളില്‍പെട്ട് പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതോടെയാണ് കുറ്റവാളികളെല്ലാം പിടിയിലായത്.

ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഒളിവില്‍പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രതികള്‍ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് സ്ഥിരം സംഭവമാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. ഒളിത്താവളങ്ങളില്‍ കഴിയുന്ന ഇവരെ പലപ്പോഴും സാഹസികമായാണ് പിടികൂടുന്നത്. ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള ഷാഡോ പോലീസ്, ഡിപിസിഎല്‍പി, സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം, ഡിവൈഎസ്പി, സിഐ, എസ്എച്ച്ഒമാരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം പിടികിട്ടാപ്പുള്ളികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി ഒളിച്ചുകഴിഞ്ഞിരുന്നവരാണ്.

കാസര്‍കോട് പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായത്. 79 പേരാണ് ഇവിടെ മാത്രം അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ 61, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ 52, നീലേശ്വരം 36 എന്നിങ്ങനെ പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. പല പിടികിട്ടാപ്പുള്ളികളും കുറ്റകൃത്യങ്ങള്‍ നടത്തി ഗള്‍ഫ് നാടുകളിലേക്ക് കടന്നുകളയുകയാണ് ചെയ്യുന്നത്. ഇവര്‍ തിരിച്ചെത്തുമ്പോള്‍ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.