നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പ്; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Posted on: August 2, 2017 12:35 pm | Last updated: August 2, 2017 at 12:27 pm

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇന്ന് യോഗം ചേരും. രാവിലെ 11ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലാണ് യോഗം.

എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറില്‍ ഒരുക്കുന്ന ക്യാമ്പിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഹജ്ജ് കമ്മിറ്റി ഓഫീസിന്റ പ്രവര്‍ത്തനം ഈ മാസം ഏഴ് മുതല്‍ കരിപ്പൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് ഹാങ്കറില്‍ ഒരിക്കിയിരിക്കുന്ന താത്കാലിക ഹജ്ജ് ക്യാമ്പിലേക്ക് മാറ്റും. ഒമ്പത് മുതല്‍ പൂര്‍ണമായും ഹജ്ജ് സെല്ലും ക്യാമ്പില്‍ പ്രവര്‍ത്തനം തുടങ്ങും. ഹാങ്കര്‍ കൂടാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി താത്കാലികമായി നിര്‍മിക്കുന്ന പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കെട്ടിടത്തിനകത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടി മൂന്നില്‍ നിന്നാണ് ഇത്തവണ ഹാജിമാര്‍ പുണ്യഭൂമിയിലേക്ക് യാത്രയാകുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി പ്രത്യേക ബസുകളില്‍ ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിക്കുന്ന തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ടെര്‍മിനല്‍ മൂന്നില്‍ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം യാത്രതിരിക്കുന്ന തീര്‍ഥാടകര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ ഇന്നലെ പൂര്‍ത്തിയായി. ഹജ്ജ് തീര്‍ഥാടകരെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള ജില്ലാ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് നിന്ന് തീര്‍ഥാടകരെയും വഹിച്ചുകൊണ്ട് യാത്രയാകുന്ന സഊദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ ഷെഡ്യൂള്‍ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ട തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇനിയും ലഭ്യമായിട്ടില്ല. ഇത് മുന്‍കൂട്ടി ജോലിയില്‍ അവധിക്ക് അപേക്ഷ നല്‍കേണ്ടവര്‍ ഉള്‍പ്പെടെ പല തീര്‍ഥാടകരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് മൂലം ഹാജിമാര്‍ക്ക് ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറയാനും കഴിയുന്നില്ല. യാത്രാ ഷെഡ്യൂള്‍ ലഭ്യമാക്കാന്‍ മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തിനകം ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഹജ്ജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ എം പി ഷാജഹാന്‍ പറഞ്ഞു. ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ചേരുന്ന ഹജ്ജ് കമ്മിറ്റി യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് അഞ്ചിന് ആലുവ ഗസ്റ്റ് ഹൗസില്‍ സ്വാഗത സംഘം ഭാരവാഹികളുടെ യോഗം ചേരും. ഈ യോഗത്തിലാണ് ഹജ്ജ് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൃത്യമായ മാര്‍ക്ഷരേഖ തയ്യാറാക്കുന്നത്.