ചൈന കുടുംബാസൂത്രണ നയം കടുപ്പിക്കുന്നു

Posted on: August 2, 2017 8:34 am | Last updated: August 2, 2017 at 12:35 am

ബീജിംഗ്: ചില പ്രവിശ്യകള്‍ക്ക് ഇളവ് നല്‍കിയുള്ള കുടുംബാസൂത്രണ നയം ചൈന കൂടുതല്‍ കടുപ്പിക്കുന്നു. രാജ്യത്തിന്റെ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ‘ഒറ്റക്കുട്ടി’ എന്ന കുടുംബാസൂത്രണ നയം രണ്ട് വര്‍ഷം മുമ്പ് ചൈന ചില ഇളവുകളോടെ പരിഷ്‌കരിച്ചിരുന്നു. ഈ ഇളവുകളാണ് ഇപ്പോള്‍ എടുത്തുകളയുന്നത്.

നിലവില്‍ രാജ്യത്തെ മഹാഭൂരിപക്ഷ (ജനസംഖ്യയുടെ 90ശതമാനം) സമുദായമായ ഹാന്‍ വിഭാഗത്തിന് മാത്രമേ ‘ഒരു ദമ്പതിക്ക് ഒരു കുഞ്ഞ്’ എന്ന നിബന്ധന ബാധകമാക്കിയിരുന്നുള്ളൂ. രാജ്യത്തെ ചെറു ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ഉയിഗൂര്‍, ടിബറ്റന്‍ വിഭാഗങ്ങളെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ പുതിയ നയം ഈ ഇളവുകള്‍ പൂര്‍ണമായും എടുത്തുകളയുന്നുവെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിം ന്യൂനപക്ഷ വിഭാഗം ഏറെയുള്ള സിന്‍ജിയാംഗ് പ്രവിശ്യയിലാണ് ഈ നയം മാറ്റം കൂടുതല്‍ ബാധിക്കുക. ഇവിടെ നിലവില്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക നിബന്ധനകളൊന്നും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നയമനുസരിച്ച് ഈ പ്രവിശ്യയിലെ പ്രാദേശിക പാരമ്പര്യ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇനി മുതല്‍ കുടുംബാസൂത്രണ നയത്തിലെ ഒന്നിലധികം കുട്ടികളാകാം എന്ന ഇളവ് അനുഭവിക്കാന്‍ കഴിയില്ല.

സിന്‍ജിയാംഗ് പ്രവിശ്യയിലെ നഗര പ്രദേശങ്ങളിലെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍, ഗ്രാമീണ മേഖലയില്‍ മൂന്ന് കുട്ടികള്‍- ഇതാണ് പരിഷ്‌കരിച്ച നയം. 2016ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 23.98 ദശലക്ഷമാണ് സിന്‍ജിയാംഗ് പ്രവിശ്യയിലെ ജനസംഖ്യ.
2010ലെ സെന്‍സസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷ സമുദായമായ ഹാന്‍ വിഭാഗത്തിന്റെ എണ്ണത്തില്‍ 16.77 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അതേസമയം, പ്രവിശ്യയിലെ പ്രബല വിഭാഗമായിട്ടും ഉയിഗൂര്‍ മുസ്‌ലിംകളുടെ ഈ വര്‍ധന 19.12 ശതമാനം മാത്രമാണ്.