തലസ്ഥാനത്തെ അക്രമം; ആറിന് സര്‍വകക്ഷി യോഗം

Posted on: July 31, 2017 11:30 pm | Last updated: July 31, 2017 at 11:30 pm

രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് അറുതിവരുത്താനും സമാധാനം പുനഃസ്ഥാപിക്കാനുമായി സര്‍വകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സി പി എം, ആര്‍ എസ് എസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഘര്‍ഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഈ മാസം ആറിന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്താണ് സര്‍വകക്ഷിയോഗം ചേരുക. ഇതിന് പുറമെ ഇന്ന് തിരുവനന്തപുരത്തും കോട്ടയത്തും ഈ മാസം അഞ്ചിന് കണ്ണൂരും ഇരു വിഭാഗത്തിന്റെയും പ്രാദേശിക നേതാക്കളെ വിളിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തും.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളില്‍ ഇരു വിഭാഗത്തില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കേട്ടതിനു ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി സമാധാനമുണ്ടാക്കാനുള്ള തീരുമാനം.

ഇരുവിഭാഗവും തങ്ങളുടെ അണികളില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധവത്കരണ നടപടികള്‍ സ്വീകരിക്കാനും എല്ലാവിധ അക്രമ സംഭവങ്ങളില്‍ നിന്നും അണികള്‍ ഒഴിഞ്ഞുനില്‍ക്കുന്നതിനാവശ്യമായ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
മൂന്ന് മാസം മുമ്പ്് കണ്ണൂരില്‍ ചേര്‍ന്ന സമാധാന ചര്‍ച്ചകളിലെടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും പാര്‍ട്ടി ഓഫീസുകള്‍, സംഘടനകളുടെ ഓഫീസുകള്‍, വീടുകള്‍ എന്നിവ ആക്രമിക്കാന്‍ പാടില്ലെന്നത് ഇരുവിഭാഗവും ലംഘിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി ജെ പി ഓഫീസിന് നേരെയും കൗണ്‍സിലര്‍മാരുടെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും അക്രമണം നടന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് പുറമെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍ എസ് എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഒ രാജഗോപാല്‍ എം എല്‍ എ, വി ശിവന്‍കുട്ടി, ബി ജെ പി ജില്ലാ സെക്രട്ടറി സുരേഷ്, ആര്‍ എസ് എസ് കാര്യകാര്യ സദസ്യന്‍ ടി വി പ്രസാദ് ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമ പ്രവര്‍ത്തകരെ കണ്ട് നിലപാട് വിശദീകരിച്ചു.