സൊമാലിയയില്‍ 290 പദ്ധതികള്‍ നടപ്പാക്കി ഖത്വര്‍ ചാരിറ്റി

Posted on: July 31, 2017 6:53 pm | Last updated: August 22, 2017 at 8:39 pm

ദോഹ: സൊമാലിയയില്‍ ജൂണ്‍ വരെ മൂന്നര കോടി റിയാല്‍ ചെലവില്‍ ഖത്വര്‍ ചാരിറ്റി 290 പദ്ധതികള്‍ നടപ്പാക്കി. ഈ വര്‍ഷം രണ്ടാം പകുതിയില്‍ 2.4 കോടി റിയാല്‍ ചെലവഴിച്ച് 610 പദ്ധതികളും നടപ്പാക്കും. കിണര്‍ കുഴിക്കല്‍, വിദ്യാഭ്യാസ, ആരോഗ്യ സമുച്ഛയ നിര്‍മാണം, ബഹുസേവന കേന്ദ്രങ്ങള്‍, വരുമാന സമാഹരണ പദ്ധതികള്‍, സാമൂഹിക സ്‌പോണ്‍സര്‍ഷിപ്പ്, അടിയന്തര ദുരിതാശ്വാസ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നടപ്പാക്കിയത്.

സൊമാലിയയില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് ഖത്വര്‍ ചാരിറ്റിയാണ്. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടാണ് ഖത്വര്‍ ചാരിറ്റി പ്രവര്‍ത്തിക്കുന്നത്. 1990കളിലാണ് ക്യു സി സൊമാലിയയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെയും വിധവകളുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമത്തിനായാണ് ആദ്യം പദ്ധതികള്‍ നടപ്പാക്കിയത്. മൊഗാദിഷുവില്‍ 2007ല്‍ പ്രതിനിധി ഓഫീസും 2010ല്‍ ഫീല്‍ഡ് ഓഫീസും തുറന്നു.
2009 തുടക്കം മുതല്‍ 2017 ആദ്യ പകുതി വരെ നടപ്പാക്കിയ വന്‍കിട പദ്ധതികളിലൂടെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്.