Connect with us

Articles

പാക്കിസ്ഥാന്‍ ഇനി എങ്ങോട്ട്?

Published

|

Last Updated

മിയാന്‍ മുഹമ്മദ് നവാസ് ശരീഫ് അടിസ്ഥാനപരമായി വ്യവസായിയാണ്. ഉരുക്കു വ്യവസായി. പിതാവ് മിയാന്‍ മുഹമ്മദ് അശ്‌റഫിന്റെ ബിസിനസ്സ് സാമ്രാജ്യം തന്നെയായിരുന്നു ശരീഫിന്റെ ആദ്യ അഭിനിവേശം. പഠിച്ചത് നിയമമാണ്. ആ നിയമജ്ഞാനമത്രയും യഥാര്‍ഥത്തില്‍ ചെലവിട്ടത് വ്യവസായ വ്യാപനത്തിലും. പണമുള്ളവരുടെ താവളമാണ് രാഷ്ട്രീയമെന്നത് പാക്കിസ്ഥാനിലെ മാത്രം കാര്യമല്ല. അധികാരവും സമ്പത്തും തമ്മിലുള്ള ചങ്ങാത്തമാണ് ജനാധിപത്യത്തിന്റെ ആഴവും പരപ്പും പരിധിയും നിശ്ചയിക്കാറുള്ളത്. 1970ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ശരീഫിന്റെ രാഷ്ട്രീയ വളര്‍ച്ചയും ബിസിനസ്സ് വളര്‍ച്ചയും പരസ്പര പൂരകമായിരുന്നു. പഞ്ചാബ് പ്രവിശ്യയുടെ ഭരണസാരഥ്യത്തില്‍ നിന്ന് പടിപടിയായി വളര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തില്‍ നാല്‍പ്പത് പിന്നിടുമ്പോള്‍ തന്നെ കുതിച്ചെത്താന്‍ ശരീഫിന് സാധിച്ചു. മുഹമ്മദാലി ജിന്ന പുണ്യഭൂമിയെന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ രാഷ്ട്രീയ അസ്ഥിരതയുടെയും പട്ടാളഭരണത്തിന്റെയും ഭീകരവാദത്തിന്റെയും ചോരക്കളികളുടെയും കുടിപ്പകകളുടെയും നാടായി അധഃപതിക്കുകയും പാശ്ചാത്യ ലോകം ഈ നാടിനെ പരാജിത രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ചാപ്പകുത്തിയയക്കുകയും ചെയ്തപ്പോള്‍ ജനാധിപത്യ പ്രതീക്ഷകളുടെ പേരായി നവാസ് ശരീഫ് മാറിയിരുന്നു. അമേരിക്കന്‍ ഭരണാധികാരികളുടെയും സി ഐ എയുടെയും കുത്തിത്തിരിപ്പുകളും ഇംഗിതങ്ങളും പരീക്ഷിക്കാനുള്ള ഗിനിപ്പന്നിയായി പാക്കിസ്ഥാന്‍ മാറുമ്പോള്‍ ആ ജനതക്ക് ജനാധിപത്യത്തിന്റെ വഴിയിലേക്ക് തിരിച്ചു നടക്കാനുള്ള കെല്‍പ്പുണ്ടെന്ന് തെളിയിക്കപ്പെട്ടത് നവാസിലൂടെയായിരുന്നു. പക്ഷേ, എപ്പോഴൊക്കെ ഇത്തരം തിരിച്ചു വരവുകള്‍ നടന്നോ അപ്പോഴൊക്കെ അടിയറവ് പറഞ്ഞ് പാതിവഴിക്ക് മടങ്ങാനായിരുന്നു “പഞ്ചാബ് സിംഹ”ത്തിന്റെ നിയോഗം.

1993ല്‍ പ്രസിഡന്റിന്റെ കരുനീക്കങ്ങളാണ് നവാസിനെ വീഴ്ത്തിയത്. പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള അഭിപ്രായവ്യത്യാസം എല്ലാ പരിധികളും ലംഘിച്ച് ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോള്‍ ഭരണഘടനാ വ്യവസ്ഥകള്‍ തന്നെ ശരീഫിന് മുന്നില്‍ അഴിയാക്കുരുക്കായി. പ്രത്യേക അധികാരം ഉപയോഗിച്ച് ദേശീയ അസംബ്ലിയെ പ്രസിഡന്റ് പിരിച്ചു വിട്ടു. വഴികളെല്ലാമടഞ്ഞ് ശരീഫ് പുറത്തായി. 1997ല്‍ ജനാധിപത്യത്തിന്റെ കൈപിടിച്ച് ഒരിക്കല്‍ കൂടി അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. അന്ന് പട്ടാള മേധാവി പര്‍വേസ് മുശര്‍റഫായിരുന്നു ശത്രുപക്ഷത്ത്. സൈന്യത്തെ മറികടന്ന് ഒരു കാലത്തും ഒരു ഭരണാധികാരിക്കും പാക്കിസ്ഥാനില്‍ മുന്നോട്ട് പോകാനായിട്ടില്ല. മുശര്‍റഫ്- നവാസ് പോരിലും അത് തന്നെ സംഭവിച്ചു. നവാസ് ജയിലിലായി. പിന്നെ, സഊദിയിലേക്ക് പലായനം ചെയ്തു. പ്രവാസം അദ്ദേഹത്തിന് കരുനീക്കങ്ങളുടെ കാലമായിരുന്നു. പി പി പിയെ കൂട്ടുപിടിച്ച് പര്‍വേസ് മുശര്‍റഫിനെ പാഠം പഠിപ്പിച്ചു. പി പി പിയിലെ അന്തച്ഛിദ്രങ്ങളും രാജ്യത്തെ സാമ്പത്തിക അസ്ഥിരതയും അരാജകത്വവും 2013ലെ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- എന്നിന് വിജയം തളികയില്‍ വെച്ച് കൊടുത്തു. ഒരു സിവിലിയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം (പ്രധാനമന്ത്രിമാര്‍ മാറിയെങ്കിലും)നടന്ന തിരഞ്ഞെടുപ്പെന്ന നിലയില്‍ രാജ്യത്തിന്റെ ജനാധിപത്യ ആത്മവിശ്വാസം വാനോളം ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു 2013ല്‍. ആ ചരിത്രസന്ധിയില്‍ രാജ്യത്തിന്റെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു ശരീഫ്. തന്റെ രാജ്യത്തിന്റെ ഭാഗധേയം മാറ്റിയെഴുതണമെന്ന് അദ്ദേഹത്തിന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടായിരുന്നു.
പുറമേക്കെങ്കിലും അമേരിക്കയെ തള്ളിപ്പറയാന്‍ നവാസ് ശരീഫ് തയ്യാറായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജന്‍മദിന നയതന്ത്രത്തില്‍ ഏര്‍പ്പെട്ട് അന്താരാഷ്ട്ര പ്രതിച്ഛായ വര്‍ധിപ്പിച്ചു. സൈന്യത്തോട് ഏറ്റുമുട്ടല്‍ സമീപനം ഒഴിവാക്കി. നിയമനങ്ങളിലും തീരുമാനങ്ങളിലും സൈന്യത്തെ സമ്പൂര്‍ണമായി അനുസരിച്ചുവെന്ന് തന്നെ പറയാം. ഐ എം എഫില്‍ നിന്നും ലോകബേങ്കില്‍ നിന്നും പരമാവധി വായ്പ സംഘടിപ്പിച്ച് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. ചൈനയെ പ്രധാന പങ്കാളിയാക്കി മേഖലയില്‍ അപകടകരമായ കരുനീക്കങ്ങള്‍ നടത്തി. 2018ല്‍ ഭരണത്തുടര്‍ച്ച സാധ്യമാക്കാമെന്നായിരുന്നു ശരീഫിന്റെ കണക്ക് കൂട്ടല്‍.
പാനമഗേറ്റില്‍

പാനമഗേറ്റ് എല്ലാം തകര്‍ത്തു. ലോകത്താകെയുള്ള രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും നിഗൂഢനിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നത് മൊസാക് ഫൊന്‍സേക എന്ന പാനമ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നവാസ് ശരീഫും കുടുംബവും വിദേശരാജ്യങ്ങളില്‍ വാങ്ങിച്ചു കൂട്ടിയ സ്വത്ത് വകകളും നടത്തിയ രഹസ്യനിക്ഷേപങ്ങളും പാനമപേപ്പേഴ്‌സില്‍ തുണിയുടുക്കാത്ത വസ്തുതകളായി നീണ്ടു നിവര്‍ന്നു കിടന്നു. നാമനിര്‍ദേശപത്രികയിലും മറ്റുമായി പാക് അധികാരികള്‍ക്ക് മുന്നില്‍ നവാസ് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ചെറുഭാഗം മാത്രമാണെന്ന് തെളിയുകയായിരുന്നു. അഴിമതിയും കള്ളപ്പണവും പാക് രാഷ്ട്രീയത്തില്‍ ഒരു പുതുമയല്ല. മിസ്റ്റര്‍ ടെന്‍ പെര്‍സന്റ് എന്ന് മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിക്ക് ഇരട്ടപ്പേര് വീണത് അഴിമതിയുടെ ക്ലാസിക് നിദര്‍ശനമാണ്. പക്ഷേ, ഇത്തവണ വല്ലാത്തൊരു സെന്‍സേഷനല്‍ സ്വഭാവം ഈ വെളിപ്പെടുത്തലിന് കൈവന്നു. മുന്‍ ക്രിക്കറ്റ്താരവും തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ഖാന്റെ പ്രക്ഷോഭങ്ങള്‍ വിഷയം കത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. തീവ്രവാദികളോടുള്ള തന്റെ മൃദു ബന്ധം മറച്ച് വെക്കാന്‍ ഖാന്‍ ഈ അഴിമതിയെ ഫലപ്രദമായി ഉപയോഗിച്ചു. പാക് ചരിത്രത്തില്‍ ഒരിക്കലും കാണാത്ത വേഗമാണ് ഈ കേസില്‍ കണ്ടത്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുന്നു; മാസങ്ങള്‍ക്കകം തന്നെ ജെ ഐ ടി റിപ്പോര്‍ട്ട് വരുന്നു; മുന്‍ നിശ്ചയിച്ചതിനേക്കാള്‍ നേരത്തേ സുപ്രീം കോടതി റിപ്പോര്‍ട്ട് പരിഗണിക്കുന്നു; നവാസ് ശരീഫ് അയോഗ്യനാകുന്നു. എല്ലാം വളരെ പെട്ടെന്ന്. ഈ തിടുക്കത്തില്‍, വേണമെങ്കില്‍ കോടതിയും സൈന്യവും തമ്മിലുള്ള ബാന്ധവത്തിന്റെ വെടിമരുന്ന് മണക്കാം. പൊതുബോധത്തില്‍ കോടതി കുടുങ്ങിപ്പോയെന്നും പറയാം. പക്ഷേ സത്യം ഇല്ലാതാകുന്നില്ല. ചാരം നീങ്ങി അത് തിളങ്ങുക തന്നെ ചെയ്യും. മുമ്പ് രണ്ട് തവണയും നവാസ് അധികാരമൊഴിഞ്ഞതില്‍ ജനാധിപത്യധ്വംസനത്തിന്റെ തലം ഉണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷവും അനുയായികള്‍ നല്‍കി. എന്നാല്‍, ഇത്തവണ കള്ളപ്പണത്തിന്റെ ഭാരത്തില്‍ അദ്ദേഹത്തിന്റെ ശിരസ്സ് കുനിഞ്ഞിരിക്കുന്നു. അധികാരം എന്തിന് വിനിയോഗിച്ചുവെന്ന ചോദ്യത്തെ അദ്ദേഹം നേരിട്ടേ തീരൂ. രാജ്യസേവനം ബിസിനസ്സായി മാറ്റുന്നവര്‍ക്കാകെയുള്ള താക്കീതായി പാക് സുപ്രീം കോടതിയുടെ ഒന്നാം നമ്പര്‍ മുറി മാറിയിരിക്കുന്നു.
നവാസ് തന്നെ ഭരിക്കും

സഹോദരനും ഇപ്പോള്‍ പഞ്ചാബ് ഭരണത്തലവനുമായ ശഹബാസ് ശരീഫ് ആയിരിക്കും പുതിയ പ്രധാനമന്ത്രിയെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ശാഹിദ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നിശ്ചയിച്ചിട്ടുണ്ട്. അത് 45 ദിവസത്തേക്കുള്ള സംവിധാനമാണ്. നവാസ് ഒഴിയുന്ന മണ്ഡലത്തില്‍ ശഹബാസ് മത്സരിക്കും. തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് നവാസ് വിശേഷിപ്പിച്ച മറിയം നവാസും കോടതി വിധിയില്‍ പെട്ട് ആയോഗ്യയായത് കൊണ്ടാണ് ശഹബാസ് വരുന്നത്. ഈ സാഹചര്യത്തില്‍, ഒരു നയംമാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ജയിലിലായാലും പുറത്തായാലും നവാസ് തന്നെ ഭരിക്കും. നവ ഉദാരീകരണ നയത്തിന്റെ അതേ പാതയില്‍ രാജ്യം മുന്നോട്ട് പോകും. നവാസ് ശരീഫിന്റെ തീരുമാനങ്ങളില്‍ ഒപ്പിടുക മാത്രമാകും പുതിയ പ്രധാനമന്ത്രിയുടെ ദൗത്യം. 2018ലേക്കുള്ള ഊര്‍ജമാകും ഈ വിധിയെന്നാണ് മറിയം പറയുന്നത്. “ഇതൊന്നും ഞങ്ങളുടെ നേതാവിന് പുത്തരിയല്ല. പിതാവ് തിരിച്ചു വരും, വര്‍ധിത വീര്യത്തോടെ”യെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അധികാരഭ്രഷ്ടനായ നവാസ് ശരീഫിനെതിരായ നിയമനടപടി ഇപ്പോഴത്തെ അതേ വേഗത്തില്‍ നീങ്ങാനിടയില്ല. അങ്ങനെയെങ്കില്‍ പുറത്തിരിക്കുന്ന നവാസ് കൂടുതല്‍ അപകടകാരിയാകും. പ്രതിപക്ഷ നിരയിലെ ഒന്നാം പാര്‍ട്ടിയായ പി പി പി അങ്ങേയറ്റം ദുര്‍ബലമാണ്. ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ആ പാര്‍ട്ടി കരകയറിയിട്ടില്ല. ഭൂട്ടോ പാരമ്പര്യം തന്നെ അവര്‍ക്ക് ഭാരമായിരിക്കുന്നു. അഴിമതിയില്‍ സര്‍ദാരിയും ഒട്ടും പിറകിലായിരുന്നില്ലല്ലോ. ബിലാവല്‍ ഭൂട്ടോയാകട്ടേ യൗവനത്തിന്റെ തിട്ടമില്ലായ്മയില്‍ നിന്ന് മോചിതനായിട്ടില്ല. അക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ അനുജനാണ് ബിലാവല്‍. രാഹുല്‍ വീട്ടില്‍ നിന്ന് കണ്ടെങ്കിലും പഠിച്ചിട്ടുണ്ട്. പിന്നെയുള്ളത് ഇംറാന്‍ ഖാന്റെ പാര്‍ട്ടിയാണ്. നവാസ് വരും ദിവസങ്ങള്‍ ചെലവഴിക്കുക ഇംറാന്‍ ഖാനെ തളക്കാനാകും. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ പാക് പത്രങ്ങളില്‍ നിറയും. അവയില്‍ പലതും സര്‍ക്കാര്‍ അന്വേഷിക്കും. സൈന്യത്തെ കൂട്ടുപിടിച്ചാകും നീക്കങ്ങള്‍. ചൈനയുടെ എല്ലാ പിന്തുണയും ഇതിനുണ്ടാകും.
ആകെയുള്ള സാധ്യത പി എം എല്‍ എന്നില്‍ കലാപമുണ്ടാകുക എന്നത് മാത്രമാണ്. ശഹബാസിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ അതൃപ്തിയുള്ളവര്‍ രംഗത്ത് വരികയും ആശയക്കുഴപ്പം ഏതാനും ആഴ്ചകളെങ്കിലും നീണ്ടു നില്‍ക്കുകയും ചെയ്താല്‍ സ്ഥിതിയാകെ മാറും. പാര്‍ട്ടി പിളര്‍ന്നേക്കാം. തെരുവില്‍ സംഘര്‍ഷമുണ്ടായേക്കാം. അതിനിടക്ക് പ്രസിഡന്റാകാന്‍ സമയമായെന്ന് സൈനിക മേധാവിക്ക് തോന്നുക കൂടി ചെയ്താല്‍ ഒരിക്കല്‍ കൂടി പട്ടാളഭരണത്തിന്റെ അലയൊലികള്‍ കേള്‍ക്കാം. എന്നാല്‍ ഇതിനൊന്നും ഇടവരുത്താതിരിക്കാനുള്ള ബുദ്ധി നവാസ് പുറത്തെടുക്കുമെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. വലിയ അനുയായി വൃന്ദമുണ്ടായിട്ടും കോടതിവിധിക്കെതിരെ അവരെ ഇളക്കിവിടാതിരിക്കാനുള്ള രാഷ്ട്രീയ ഔചിത്യം അദ്ദേഹം കാണിച്ചല്ലോ.

ഇന്ത്യയോടെന്ത്?
അയല്‍രാജ്യത്തെ ഏത് അസ്ഥിരതയും ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. ചില നാടകങ്ങളൊക്കെ നടത്തിയെങ്കിലും ആത്യന്തികമായി ഇന്ത്യാ വിരോധം കത്തിക്കുക തന്നെയാണ് നവാസ് ശരീഫ് ഭരണകൂടവും ചെയ്തത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടാണല്ലോ അതിര്‍ത്തി തര്‍ക്കം. കുല്‍ഭൂഷണ്‍ ജാദവ്, ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയില്‍ നവാസ് ശരീഫ് ഈയിടെ കൈകൊണ്ട സമീപനങ്ങള്‍ മോദിയുടെ സത്യപ്രതിജ്ഞക്ക് വന്നും കെട്ടിപ്പിടിച്ചും ഉണ്ടാക്കിയ പുറം ചിത്രങ്ങളെ മുഴുവന്‍ മായ്ച്ചു കളയുന്നതായിരുന്നു. 2018ല്‍ തിരഞ്ഞെടുപ്പ് വരെ ആ നില തുടര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്താമെന്നും എന്നിട്ടാകാം പ്രശ്‌ന പരിഹാരത്തിനുള്ള യഥാര്‍ഥ ശ്രമമെന്നുമായിരുന്നു നവാസിന്റെ തീരുമാനം. പകരം വരുന്ന സഹോദരനും ഇപ്പോള്‍ പഞ്ചാബ് ഭരണത്തലവനുമായ ശഹബാസ് ശരീഫ് ഈ നയത്തില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. മാത്രമല്ല അമരിക്കയോട് അല്‍പ്പം അകലുകയും ചൈനയോട് കൂടുതല്‍ അടുക്കുകയും ചെയ്യുകയെന്ന നയം തന്നെ അദ്ദേഹം പുറത്തെടുക്കും. ചൈന മുന്നോട്ട് വെച്ച സാമ്പത്തിക ഇടനാഴി ഗംഭീരമായി മുന്നോട്ട് പോകും. ഇറാനുമായും അറബ് രാജ്യങ്ങളുമായും ബന്ധം ഊഷ്മളമാകും.

ഒരു കോര്‍പറേറ്റ് എന്ന നിലയില്‍ രാജ്യത്തെ അതിസമ്പന്നരുടെ താത്പര്യങ്ങളെ ആവോളം താലോലിക്കുന്ന സാമ്പത്തിക നയമാണ് നവാസ് ശരീഫ് പിന്തുടര്‍ന്നിരുന്നത്. അതിലേക്ക് ഇടത്താരക്കാരെ കൂടി ചേര്‍ത്ത് വെക്കാന്‍ പുതിയ പ്രധാനമന്ത്രി ശ്രമിക്കും. വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ അത് അനിവാര്യമാണ്. പാക്കിസ്ഥാന്‍ സുസ്ഥിര ജനാധിപത്യ രാഷ്ട്രമായി മാറണം എന്ന് ആഗ്രഹിക്കുന്നവരെയാണ് യഥാര്‍ഥത്തില്‍ ഈ സംഭവവികാസങ്ങള്‍ നിരാശരാക്കുന്നത്. ഒപ്പം നാല് വര്‍ഷമായി ആ രാജ്യം ആര്‍ജിച്ച സാമ്പത്തിക താളം തിരിച്ചുപിടിക്കാനാകാത്ത വിധം താറുമാറാകുകയും ചെയ്യുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest