Connect with us

Kerala

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്ന് ഫെഡറേഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ലോക് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് പി യു ചിത്രക്ക് നഷ്ടമായേക്കും. സമയപരിധി കഴിഞ്ഞുവെന്നും ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്നും ഹൈക്കോടതിയെ അറിയിക്കുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കി. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷമാണ്. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. തങ്ങളുടെ ഭാഗംകേള്‍ക്കാതെയാണ് ചിത്രക്ക് അനുകൂലമായ കോടതി വിധിയെന്നും ഫെഡറേഷന്‍ പ്രസിഡന്റ് അദില്‍ സുമരി വാല പറഞ്ഞു.

കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന വാദത്തില്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഉറച്ചു നില്‍ക്കുകയാണ്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഏറെ വിഷമമുണ്ടെന്ന് ചിത്ര പ്രതികരിച്ചു. ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കായികമന്ത്രി എസി മൊയ്തീന്‍ ആരോപിച്ചു.

1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെയും അത്‌ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കേണ്ടവരുടെ എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി കഴിഞ്ഞ 24ന് ആയിരുന്നു. എന്നാല്‍ ചിത്രയുടെ പേര് ഒഴിവാക്കിയ പട്ടിക 23ന് മാത്രമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തുവിട്ടത്.

Latest