Connect with us

Kerala

തലസ്ഥാനത്ത് സി പി എം- ബി ജെ പി സംഘര്‍ഷം

Published

|

Last Updated

തലസ്ഥാനത്ത് സി പി എം- ബി ജെ പി സംഘര്‍ഷം. വ്യാഴാഴ്ച രാവിലെ തുടങ്ങിയ അക്രമം രാത്രിയോടെ നഗരത്തില്‍ തേര്‍വാഴ്ചയായി. വ്യാഴാഴ്ച രാത്രി സി പി എം നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും വീടുകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്ക് നേരെയും ബി ജെ പി വ്യാപക ആക്രമണം നടത്തി. ഇതിന്റെ പ്രത്യാക്രമണമായി അര്‍ധരാത്രിയോടെ സി പി എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടന്നു. ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്രമം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കി. സംഭവത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലറടക്കം നാല് സി പി എം പ്രവര്‍ത്തകരെയും ആറ് ബി ജെ പി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരപരിധിയില്‍ മൂന്ന് ദിവസത്തേക്ക്

നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഐരാണിമുട്ടത്തെ ഹോമിയോ കോളജിലെ എസ് എഫ് ഐയുടെ കൊടിമരം എ ബി വി പി പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് രാത്രിയോടെ നഗരത്തിലേക്ക് വ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ ചെറിയ രീതിയില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ രാത്രിയോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.
വ്യാഴാഴ്ച രാത്രിയോടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും കല്ലേറുണ്ടായി. കാറിനും വീടിനും കേടുപറ്റി. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ വീടിന് നേരെയും കല്ലേറുണ്ടായി. നഗരസഭാ കൗണ്‍സിലര്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെതുമടക്കം പത്ത് വീടുകളാണ് ബി ജെ പി പ്രവര്‍ത്തകര്‍ തകര്‍ത്തത്. വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും സ്‌കൂട്ടറുകളും അടിച്ചുതകര്‍ത്തു. ഇതിന് പ്രത്യാക്രമണമായി ബി ജെ പി കൗണ്‍സിലര്‍മാരായ എസ് കെ പി രമേശ്, ബീന എന്നിവരുടെ വീടുകളും തകര്‍ത്തു.

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയാ സെക്രട്ടറി എസ് എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗം, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി, സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, എസ് പുഷ്പലത എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സി പി എം പ്രവര്‍ത്തകനായ ശിവരഞ്ജിത്തിന്റെ അച്ഛന്‍ രാജനെ മര്‍ദിക്കുകയും സി പി എം പ്രവര്‍ത്തകനായ ശ്യാമിനെ തലക്ക് അടിച്ച് വീഴ്ത്തുകയും ചെയ്തു.

ഇതിന് ശേഷം എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ കെ വി സുധീഷ് സ്മാരക മന്ദിരത്തിന് മുന്നിലേക്ക് കല്ലേറും നാടന്‍ ബോംബേറും ഉണ്ടായി. നാടന്‍ ബോംബ് എറിഞ്ഞെങ്കിലും ഇത് പൊട്ടിയില്ല. നേരത്തേ ബി ജെ പി ജില്ലാ സെക്രട്ടറി സുനില്‍ കുമാറിന് വെട്ടേറ്റിരുന്നു. ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സി പി എമ്മിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് എതിരെയുള്ള പ്രത്യാക്രമണമെന്നോണമാണ് രാത്രി ഒന്നരയോടെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേതുള്‍പ്പെടെ ആറ് കാറുകള്‍ അക്രമികള്‍ തകര്‍ത്തു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ പി ബിനു, എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ബി ജെ പി ഓഫീസില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകളില്‍ നിന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ പി ബിനുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ക്കും കേടുവരുത്തി.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഈസമയം ഓഫീസിലുണ്ടായിരുന്നു. ബിനുവിനെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Latest