Connect with us

Kerala

കൂടുതല്‍ ബസുകളുമായി കേരള- കര്‍ണാടക ആര്‍ ടി സികള്‍

Published

|

Last Updated

ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിക്ക് കൂടുതല്‍ പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ച് കേരള- കര്‍ണാടക ആര്‍ ടി സികള്‍. ബെംഗളൂരുവില്‍ നിന്ന് നേരത്തെ പ്രഖ്യാപിച്ച സര്‍വീസുകള്‍ കൂടാതെ അഞ്ച് സര്‍വീസുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. ഇതോടെ ബെംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 18 അധിക ബസുകളാണ് സര്‍വീസ് നടത്തുക. കോട്ടയം – മൂന്ന്, എറണാകുളം- നാല്, മുന്നാര്‍- 1, തൃശൂര്‍ -നാല്, പാലക്കാട് – മൂന്ന്, കോഴിക്കോട്- രണ്ട്, മാഹി- ഒന്ന് എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യലുകളില്‍ നിരക്ക് കൂടുതലാണെങ്കിലും ടിക്കറ്റുകള്‍ വേഗത്തിലാണ് വിറ്റഴിയുന്നത്. യാത്രാതിരക്ക് കൂടുതലുള്ള ആഗസ്റ്റ് 11നാണ് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുക. പ്രത്യേക ബസുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു വോള്‍വോയും ഉണ്ടാകും.

മൈസൂരുവില്‍ നിന്നുള്ള സര്‍വീസ് രാവിലെ ഏഴിന് ഇന്‍ഫോസിസ് ക്യാമ്പസിന്റെ മുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. 7.29ന് മൈസൂരു ബസ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടും. ഇന്‍ഫോസിസിലെ മലയാളികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍വീസ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. യാത്രാ തിരക്ക് കൂടുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കുമെന്ന് കര്‍ണാടക ആര്‍ ടി സി കേരള ഇന്‍ചാര്‍ജ് ജി പ്രശാന്ത് പറഞ്ഞു. സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് കേരള ആര്‍ ടി സിയും പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രാതിരക്ക് പരിഗണിച്ച് ഇരു ആര്‍ ടി സികളും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത് മലയാളികള്‍ക്ക് ആശ്വാസമാണ്. എന്നാലും നിലവില്‍ പ്രഖ്യാപിച്ച സര്‍വീസുകള്‍ ബെംഗളൂരു മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാതിരക്ക് മുഴുവന്‍ പരിഹരിക്കാന്‍ സാധിക്കുന്നതല്ല. ഇത്തവണ ആഗസ്റ്റ് 15 ചൊവ്വാഴ്ചയായതിനാല്‍ തിങ്കള്‍ ഒരു ദിവസം അവധിയെടുത്താല്‍ നാല് ദിവസം അവധി ലഭിക്കുമെന്നതിനാല്‍ നിരവധി മലയാളികളാണ് അവധിക്ക് നാട്ടില്‍ പോകാനിരിക്കുന്നത്.