കലാം അനുസ്മരണദിനത്തില്‍ വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ നേരത്തെ സ്‌കൂളിലെത്തി

Posted on: July 28, 2017 3:30 pm | Last updated: July 28, 2017 at 3:19 pm
ഡോ. എ പി ജെ അബ്ദുല്‍ കലാം ചരമദിനത്തില്‍ അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പൂക്കള്‍ അര്‍പ്പിക്കുന്നു

അഡൂര്‍: ഡോ. എ പി ജെ അബ്ദുല്‍ കലാം ചരമദിനത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിക്രം സാരാഭായ് സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തെ സ്‌കൂളിലെത്തി സയന്‍സ് ലാബില്‍ വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രത്യേക സ്‌കൂള്‍ അസംബ്ലി നടന്നു.

അധ്യാപക രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍ എ കെ മുഹമ്മദ് ഹാജി, സീനിയര്‍ അസിസ്റ്റന്റ് എച്ച് പദ്മ, സ്‌കൂള്‍ ലീഡര്‍ എ എസ് ആഇശത്ത് ഷാനിബ, സയന്‍സ് ക്ലബ് പ്രസിഡന്റ് എച്ച് മഞ്ജുഷ എന്നിവര്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പൂക്കളര്‍പ്പിച്ചു. സയന്‍സ് ക്ലബ് അംഗങ്ങളായ ആര്യശ്രീ, നളിനി എന്നിവര്‍ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെയും ഈയിടെ അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ. യു ആര്‍ റാവുവിനെയും അനുസ്മരിച്ച് സംസാരിച്ചു. കലാമിന്റെ ഉദ്ധരണികളും ചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ ഛായാചിത്രങ്ങള്‍ സയന്‍സ് ലാബില്‍ സ്ഥാപിച്ചു. യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി ബഹിരാകാശ ക്വിസ് സംഘടിപ്പിച്ചു.