Gulf
മികവുറ്റ സേവനത്തിന് ദിവക്ക് പ്ലാറ്റിനം അവാര്‍ഡ്

ദുബൈ: മികച്ച സേവനങ്ങള്‍ക്ക് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)ക്ക് പ്ലാറ്റിനം അവാര്‍ഡ്. ന്യൂയോര്‍ക്കില്‍ നടന്ന 31-ാമത് അന്താരാഷ്ട്ര ക്വാളിറ്റി സമ്മിറ്റിലാണ് മികച്ച സേവനത്തിനും ഉന്നതമായ നേതൃ പാടവ മികവിനും ദിവ പുരസ്‌കാരം നേടിയത്. രാജ്യാന്തര തലത്തില്‍ 178 രാജ്യങ്ങള്‍ പ്രതിനിധീകരിക്കുന്ന വ്യാപാര സംരംഭകരുടെ കൂട്ടായ്മയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ സഈദ് മുഹമ്മദ് അല്‍ തായറിന് വേണ്ടി ദിവയുടെ കോര്‍പ്പറേറ്റ് എക്‌സലന്‍സ് വൈസ് പ്രസിഡന്റ് മര്‍വാന്‍ അല്‍ സആബി പുരസ്‌കാരം സ്വീകരിച്ചു. നഗരത്തില്‍ താമസിക്കുന്നവര്‍ക്കും വ്യാപാര, വ്യവസായ കേന്ദ്രങ്ങള്‍ക്കും മികച്ച രീതിയില്‍ സേവനങ്ങള്‍ ഒരുക്കുന്നതിന് സുസ്ഥിരവും മികവുറ്റതുമായ സേവനങ്ങള്‍ ഒരുക്കി ക്രിയാത്മകമായ രീതിയില്‍ ദിവയുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിന് തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സഈദ് അല്‍ തായര്‍ പറഞ്ഞു.
ദുബൈ നഗരത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് ധിഷണാപരമായ നേതൃ പാടവത്തിലൂടെ ഭരണ സാരഥ്യം വഹിക്കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹായത്തോടെയാണ് ദിവ സേവനങ്ങള്‍ കൂടുതല്‍ ലോകോത്തരമാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.